റിഷഭ് പന്തിന്‍റെ കാറില്‍ നിന്ന് പണം കവര്‍ച്ച ചെയ്യപ്പെട്ടോ? ജീവന്‍ രക്ഷിച്ച ബസ് ഡ്രൈവറിന്‍റെ പ്രതികരണം

0
155

ദില്ലി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് സംഭവിച്ച കാറപകടത്തിന്‍റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. താരം അപകടനില തരണം ചെയ്തിട്ടുണ്ട്. എത്രയും വേഗം പന്തിന് ക്രിക്കറ്റ് പിച്ചിലേക്ക് തിരികെയെത്താന്‍ കഴിയട്ടേ എന്ന പ്രാര്‍ത്ഥനയിലാണ് ക്രിക്കറ്റ് ആരാധകര്‍. റിഷഭ് പന്തിന്‍റെ അപകട വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നിരവധി വ്യാജ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. അപകടത്തില്‍പ്പെട്ട പന്തിന്‍റെ കാറില്‍ നിന്ന് നാട്ടുകാര്‍ പണം കവര്‍ന്നതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍, അങ്ങനെയൊരു സംഭവമേ ഇല്ലെന്നാണ് അപകടത്തിന്‍റെ ദൃക്സാക്ഷിയായ ബസ് ഡ്രൈവര്‍ സുശീന്‍ മാന്‍ പറയുന്നത്. അപകടത്തിന് ശേഷം വാഹനത്തിലുണ്ടായിരുന്ന പണം റോഡില്‍ ചിതറി കിടക്കുകയായിരുന്നു. ഇത് റോഡില്‍ നിന്ന് എടുത്ത്, പന്തിന്‍റെ കൈകളില്‍ തന്നെ ഏല്‍പ്പിച്ചുവെന്നും സുശീല്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. സുശീലിന്‍റെ നേത്വത്തിലാണ് പന്തിനെ കാറില്‍ നിന്ന് പുറത്തെടുത്തത്.

സുശീലിന്‍റെ വാക്കുകള്‍ ഇങ്ങനെ

പുലർച്ചെ 4:25 നാണ് ഹരിദ്വാറിൽ നിന്ന് പുറപ്പെട്ടത്. ഒരു സ്റ്റോപ്പില്‍ ബസിന്‍റെ വേഗത കുറച്ചപ്പോള്‍ 300 മീറ്റർ അകലെ കുറച്ച് വെളിച്ചം അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നത് കണ്ടു. അതൊരു കാറാണോ എന്ന് ഊഹിക്കാൻ പ്രയാസമായിരുന്നു. എന്തോ കുഴപ്പമുണ്ടെന്നും ഒരു അപകടം സംഭവിച്ചതായും കണ്ടക്ടറോട് പറഞ്ഞു. ഏകദേശം 100 മീറ്റര്‍ മാറി കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറി. കാർ ബസിന്‍റെ നേര്‍ക്ക് വന്നതോടെ യാത്രക്കാര്‍ ഭയന്നു. കാർ കണക്ടറിന്റെ വശത്തേക്ക് നീങ്ങിയപ്പോള്‍ തന്നെ  ഡിവൈഡറിൽ ഇടിച്ച് മൂന്ന് നാല് തവണ തിരിഞ്ഞു.

കാറില്‍ ഉണ്ടായിരുന്നയാളിന്‍റെ ശരീരത്തിന്‍റെ പകുതി കാറിന്‍റെ പുറത്ത് കാണാമായിരുന്നു. ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തിയ ശേഷം കണ്ടക്ടറും താനും കൂടെ  പുറത്തിറങ്ങി കാറിന് അടുത്തേക്ക് പോയി. ബസിനുള്ളിലെ യാത്രക്കാരും സഹായിച്ചു. തനിച്ചാണോ എന്ന് പന്തിനോട് ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു മറുപടി. അദ്ദേഹത്തിന് ബോധമുണ്ടെന്ന് മനസിലാക്കി വേഗം പുറത്തെടുക്കാന്‍ ശ്രമിച്ചു. കാറിന്റെ ഡിക്കിക്ക് ഇതിനകം തീപിടിച്ചിരുന്നു. കൂടുതല്‍ വൈകിയിരുന്നെങ്കില്‍ കാര്യങ്ങൾ വളരെ വേഗം മാറുമായിരുന്നു. പന്ത് രക്ഷപ്പെടുമായിരുന്നില്ല.

ഞാനൊരു റിഷഭ് പന്ത് ആണെന്നും ക്രിക്കറ്ററാണെന്നും അദ്ദേഹം പറഞ്ഞു.  വളരെ വേഗം അദ്ദേഹത്തെ പുറത്തെടുത്ത് ഡിവൈഡറില്‍ കിടത്തി. അദ്ദേഹം വെള്ളം ചോദിച്ചപ്പോള്‍ അത് നല്‍കി. യാത്രക്കാരിലൊരാൾ തുണികൊണ്ട് അദ്ദേഹത്തിന്‍റെ ശരീരം മറച്ചു. ഒരു വശത്ത്, ഞാൻ പൊലീസിനെ വിളിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ കോള്‍ ബിസി ആയിരുന്നു.

ആംബുലൻസ് വിളിച്ചപ്പോഴും അങ്ങനെ തന്നെയായിരുന്നു. തീ ആളിക്കത്തുന്നതിനാൽ ഞങ്ങൾ പരിഭ്രാന്തരായി. റോഡിൽ ഒരു തൂണുണ്ടായിരുന്നു, മറ്റേതെങ്കിലും കാർ ഇടിച്ചാലോ എന്ന ആശങ്കയും ഞങ്ങള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തെ ബസിനുള്ളിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ  കണ്ടക്ടർ പറഞ്ഞു. അപ്പോഴേക്കും പൊലീസും ആംബുലൻസും വന്നു” – സുശീല്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here