ഇന്നും പെയ്യും,അടുത്ത മൂന്ന് മണിക്കൂറില്‍ ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാദ്ധ്യത; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
193

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. വടക്കന്‍ തമിഴ്നാടിനും തെക്കന്‍ കര്‍ണാടകത്തിനും വടക്കന്‍ കേരളത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിച്ചു.

വടക്കന്‍ കേരളത്തിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് മഴയ്ക്ക് കാരണം. ഇന്നത്തോടെ ഇത് ന്യൂനമര്‍ദ്ദമായി മാറി ഇന്ത്യന്‍ തീരത്ത് നിന്ന് അകന്ന് പോകാനാണ് സാദ്ധ്യത. അതേസമയം അടുത്ത ദിവസങ്ങളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടേക്കും.

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. കേരള – കര്‍ണാടക തീരങ്ങളില്‍ ഇന്നും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയെന്നും മുന്നറിയിപ്പുണ്ട്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here