ഷിഹാബ് ചോറ്റൂരിന് ട്രാൻസിറ്റ് വിസ വേണം, പാക് സുപ്രിംകോടതിയിൽ ഹരജി; ഹരജിയെ കുറിച്ച് അറിയില്ലെന്ന് ഷിഹാബ്

0
182

ലാഹോർ: കേരളത്തിൽനിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ഷിഹാബ് ചോറ്റൂരിന് വിസ നിഷേധിച്ച നടപടിക്കെതിരേ പാകിസ്താനി പൗരൻ പാക് സുപ്രിംകോടതിയെ സമീപിച്ചു. ലാഹോർ സ്വദേശിയായ സർവർ താജ് എന്നയാളാണ് ഹരജിക്കാരൻ. ഷിഹാബ് ചോറ്റൂരിന് കാൽനടയായി അതിർത്തികടക്കാൻ ട്രാൻസിറ്റ് വിസ അനുവദിക്കണമെന്നാണ് ആവശ്യം. വിസ നിഷേധിച്ച ലാഹോർ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്താണ് ഹരജി നൽകിയത്. സിഖ് മതസ്ഥാപകൻ ബാബാ ഗുരു നാനാക് ദേവിന്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനുൾപ്പെടെ നൂറുകണക്കിന് ഇന്ത്യക്കാർക്ക് പാകിസ്താൻ മുമ്പ് വിസ അനുവദിച്ചിട്ടുണ്ടെന്നും അതുപോലെ ഷിഹാബിനും നൽകണമെന്നുമാണ് ഹരജിയിലെ ആവശ്യം.

വിസയ്ക്കുള്ള അപേക്ഷ രണ്ടുമാസം മുമ്പാണ് ലാഹോർ ഹൈക്കോടതി തള്ളിയത്. ഇതേതുടർന്ന് തുടർ യാത്ര അനിശ്ചിതത്വത്തിലാണ്. ഈ സാഹചര്യത്തിലാണ് ലാഹോർ സ്വദേശിയുടെ നടപടി. സർവാർ താജ് തന്നെയായിരുന്നു നേരത്തെ വിസക്ക് വേണ്ടി ലാഹോർ ഹൈക്കോടതിയെയും സമീപിച്ചത്. ഹജ്ജ് തീർഥാടനത്തിനായി മക്കയിലേക്ക് കാൽനടയായി യാത്ര പൂർത്തിയാക്കാൻ പാകിസ്ഥാനിലേക്ക് പ്രവേശനാനുമതി തേടിയാണ് ഷിഹാബ് വിസയ്ക്ക് അപേക്ഷിച്ചിരുന്നത്.

ലാഹോർ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് ഹർജി തള്ളിയത്. ഇതുസംബന്ധിച്ച് സിംഗിൾ ബെഞ്ചിന്റെ തീരുമാനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു. ഹർജിക്കാരന് ഇന്ത്യൻ പൗരനായ ഷിഹാബുമായി ബന്ധമില്ലെന്നും കോടതിയെ സമീപിക്കാനുള്ള പവർ ഓഫ് അറ്റോർണി കൈവശമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി തള്ളിയത്. ഷിഹാബിന്റെ പൂർണ വിവരങ്ങൾ ആരാഞ്ഞിരുന്നെങ്കിലും ഹർജിക്കാരന് അത് സമർപ്പിക്കാൻ സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, പാക് സുപ്രിംകോടതിയിൽ ഹരജി പോയ കാര്യം അറിയില്ലെന്ന് ഷിഹാബ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here