മാര്‍ച്ചില്‍ ബാരലിന് 129 ഡോളര്‍, ഇപ്പോള്‍ 76 ഡോളര്‍: എന്തുകൊണ്ട് കുറയ്ക്കുന്നില്ല ഇന്ധനവില

0
160

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോള്‍. മാര്‍ച്ചില്‍ ഒരു ബാരലിന് 129 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് ഓയില്‍ ഇപ്പോള്‍ 76 ഡോളറിനാണ് വ്യാപാരം നടക്കുന്നത്‌. ഡിമാന്‍ഡ് കുറയുക, ലോക സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുക, യുക്രൈന്‍-റഷ്യ സംഘര്‍ഷം അയയുന്നതുമെല്ലാം ക്രൂഡ് ഓയില്‍ വിലയിടിവിന് കാരണമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അസംസ്‌കൃത എണ്ണ കുറഞ്ഞ വിലക്ക് ലഭിക്കുമ്പോഴും രാജ്യത്തെ സാധാരണക്കാരന് അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് വസ്തുത. ക്രൂഡ് ഓയിലിന് ഉയര്‍ന്ന വിലയുണ്ടായിരുന്നപ്പോഴുള്ള നിരക്കില്‍ തന്നെ കുത്തനെ കുറഞ്ഞപ്പോഴും തുടരുകയാണ്.

ഇന്ധന വില നിയന്ത്രണം പൂര്‍ണമായി എടുത്തുകളഞ്ഞ ശേഷം പലപ്പോഴും രാജ്യാന്തര വിപണിയില്‍ വില കയറുമ്പോള്‍ ഇവിടെയും കൂടുകയും കുറയുമ്പോള്‍ പലപ്പോഴും അതിന് ആനുപാതികമായി കുറവ് വരുത്താറുമില്ല. പലപ്പോഴും വിലക്കുറവ് ഉണ്ടാകുമ്പോള്‍ നികുതി കൂട്ടി സര്‍ക്കാരും കൊള്ളയടിക്കുന്നു. പിന്നീട് തിരഞ്ഞെടുപ്പ് കാലത്ത് വില മാറ്റമില്ലാതെ തുടരുന്നതും പതിവായി. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി വിലയില്‍ ചാഞ്ചാട്ടമില്ല. ആഗോള വിപണിയിലാകട്ടെ വില കുറഞ്ഞും വരുന്നു.

ആഗോള സമ്പദ് വ്യവസ്ഥ മന്ദഗതിയിലാണ്. വികസിത രാജ്യങ്ങളില്‍ മാന്ദ്യഭീതിയും നിലനില്‍ക്കുന്നു. പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ പണമിടപാടുകള്‍ നിയന്ത്രണത്തോടെയാണ് ഇതെല്ലാമാണ് ക്രൂഡ് ഓയില്‍ വില കുറയാനിടയാക്കിയത്.കൂടാതെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ റഷ്യയുടെ വിതരണ ഭീതി കുറഞ്ഞിട്ടുണ്ട്. റഷ്യയുടെ ഉത്പാദനം ഏതാണ്ട് യുദ്ധത്തിന് മുമ്പുള്ള സ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ആഗോള വിലത്തകര്‍ച്ചയുടെ നേട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിന് മുമ്പ് കമ്പനികള്‍ ആദ്യം അവരുടെ നഷ്ടം തിരിച്ചുപിടിക്കുന്നതാണ് ഇന്ത്യയില്‍ ഉപഭോക്താവിന് അതിന്റെ പ്രയോജനം ലഭിക്കാതിരിക്കാന്‍ കാരണം. വില ഉയര്‍ന്നിരുന്ന ഘട്ടത്തില്‍ നഷ്ടം സഹിച്ചാണ് വില്‍പന നടത്തിയിരുന്നതെന്നാണ് അവരുടെ വാദം.

അതേ സമയം അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുറയുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് സുപ്രധാന നേട്ടമുണ്ടാക്കുമെന്നതിനാല്‍ സര്‍ക്കാരിന്റെ ഇടപെടലും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. ഇന്ധനത്തിന്റെ ഇറക്കുമതിച്ചെലവ് കുറയുകയും അത് പണപ്പെരുപ്പം കുറയ്ക്കുകയും ചെയ്യും. ഇത് രൂപയെ ശക്തിപ്പെടുത്തുകയും പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ ആര്‍ബിഐക്ക് മേലുള്ള സമ്മര്‍ദ്ദം കുറയുകയും ചെയ്യും. എന്നത്‌കൊണ്ടുതന്നെ ക്രൂഡ് ഓയില്‍ വിലയിടിവിന് അനുസൃതമായി ഇന്ധന വില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാനുള്ള സാധ്യത നിലവിലില്ല.

ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ

നവംബര്‍ മാസത്തിലും ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തില്‍ ഒന്നാമതായി റഷ്യ. ഇന്ത്യയിലേക്കുള്ള പരമ്പരാഗത എണ്ണ വിതരണക്കാരായ ഇറാഖിനേയും സൗദി അറേബ്യയേയും പിന്തള്ളിയാണ് റഷ്യ ഈ സ്ഥാനത്തേക്കെത്തിയിരിക്കുന്നത്.

ഈ വര്‍ഷം മാര്‍ച്ച് വരെ ഒരു വര്‍ഷം ഇന്ത്യ ഇറക്കുമതി ചെയ്തുവരുന്ന ക്രൂഡ് ഓയിലിന്റെ 0.2 ശതമാനം മാത്രമാണ് റഷ്യയില്‍ നിന്ന് എത്തിയിരുന്നത്‌. എന്നാല്‍ നവംബറില്‍ ദിവസവും 9,09,403 ബാരലുകളാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇത് ഇന്ത്യയിലേക്ക് എത്തുന്ന എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് വരും.

ആഗോള തലത്തില്‍ എണ്ണ വിതരണത്തിന്റെയും മറ്റു ഊര്‍ജ വിതരണങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്ന വോര്‍ടെക്സയുടെ കണക്കുപ്രകാരം നവംബറില്‍ ഇറാഖില്‍ നിന്ന് ഇന്ത്യ പ്രതിദിനം 8,61,461 ബാരലുകളാണ് ഇറക്കുമതി ചെയ്തത്. സൗദിയില്‍ നിന്ന് 5,70,922 ബാരലുകളും ഇറക്കുമതി ചെയ്തു. അമേരിക്കയാണ് നിലവില്‍ ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ എണ്ണ വിതരണക്കാര്‍. 4,05,525 ബാരലുകളാണ് ഇന്ത്യ അവിടെനിന്ന് നവംബറില്‍ പ്രതിദിനം വാങ്ങിയിട്ടുള്ളത്.

ഇതിനിടെ റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് ജി7 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും റഷ്യന്‍ എണ്ണവില നിജപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ഇത് അംഗീകരിച്ചിട്ടില്ല. ഇന്ത്യന്‍ നടപടിയെ സ്വാഗതം ചെയ്ത റഷ്യ വലിയ ശേഷിയുള്ള കപ്പലുകള്‍ നിര്‍മിക്കാന്‍ ഇന്ത്യയുമായി സഹകരണത്തിന് തയ്യാറാണെന്നും അറിയിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here