കോളേജ് ​ഗ്രൗണ്ടിൽ അഭ്യാസം നടത്തിയ ഫുട്ബോൾ ആരാധകർക്ക് വൻതുക പിഴയിട്ട് എംവിഡി

0
185

കോഴിക്കോട്: കോഴിക്കോട് കാരന്തൂര്‍ മര്‍കസ് കോളേജ് മൈതാനത്ത് ഫുട്ബോൾ ആരാധകരായ വിദ്യാർഥികൾ നടത്തിയ വാഹനാഭ്യാസ പ്രകടനത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. വാഹന ഉടമകളിൽ നിന്ന് 66,000 രൂപ പിഴയായി ഈടാക്കി. അപകടകരമായ രീതിയിൽ വാഹനമോടിച്ച 11 വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും എംവിഡി അധികൃതർ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ലോകകപ്പ് ഫുട്‌ബോള്‍ ആവശേത്തിന്റെ പേരിലാണ് കഴിഞ്ഞ ദിവസം വിവിധ രാജ്യങ്ങളുടെ പതാകകളുമേന്തി കോളേജ് ഗ്രൗണ്ടില്‍ അപകടകരമായ രീതിയിൽ അഭ്യാസം നടത്തിയത്. വീഡിയോ വൈറലായതിനെ തുടർന്നാണ് എംവിഡി നടപടിയെടുത്തത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവർ ഓടി രക്ഷപ്പെട്ടിരുന്നു.

കോഴിക്കോട് കാരന്തൂരിലായിരുന്നു ഫുട്ബോൾ ആരാധകരായ വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം.  ബുധനാഴ്ച ഉച്ചയ്ക്കാണ് ഇവർ കൂട്ടമായെത്തി മൈതാനത്ത് അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ച് അഭ്യാസപ്രകടനം നടത്തിയത്. ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. സമസ്ത എപി വിഭാ​ഗത്തിന്റെ  മര്‍ക്കസ് ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥികളാണ് കോളേജ് മൈതാനത്ത് അഭ്യാസപ്രകടനം നടത്തിയത്. ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് അതിരുകവിഞ്ഞ ആരാധന പാടില്ലെന്ന് എപി വിഭാ​ഗം നേരത്തെ പറഞ്ഞിരുന്നു. കണ്ടുനിന്ന ചിലരാണ് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് പൊലീസിനും എംവിഡിക്കും നൽകിയത്.

തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസ് സ്ഥലത്തെത്തിയതോടെ വാഹനം ഉപേക്ഷിച്ച് വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടു.  വാഹന അഭ്യാസത്തിന് അനുമതി നൽകിയിരുന്നില്ലെന്ന് കോളേജ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം പാലക്കാട് പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോയുടെ കൂറ്റന്‍ കട്ടൗട്ട് തകര്‍ന്നു വീണിരുന്നു. വന്‍ തുക മുടക്കി സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടാണ് തകര്‍ന്നുവീണത്.

LEAVE A REPLY

Please enter your comment!
Please enter your name here