അരയില്‍ തോര്‍ത്തുകെട്ടി സ്വര്‍ണ്ണം ഒളിപ്പിച്ച് യുവാവ്, വിമാനം തകരാറിലായത് വെട്ടിലാക്കി, പിടിയില്‍

0
152

കൊച്ചി: കരിപ്പൂരിൽ ഇറങ്ങേണ്ട ജിദ്ദ വിമാനം ഇന്നലെ  കൊച്ചിയിൽ ഇറക്കിയതോടെ വെട്ടിലായത് മലപ്പുറം സ്വദേശിയായ സ്വർണ്ണക്കടത്തുകാരന്‍. ഒന്നര കിലോയിലേറെ സ്വർണ്ണം കരിപ്പൂർ വഴി കടത്താനുള്ള പദ്ധതിയാണ് നെടുമ്പാശേരിയിൽ വന്നിറങ്ങിയതോടെ പൊളിഞ്ഞത്. സ്വർണ്ണം ഉപേക്ഷിച്ച് രക്ഷപ്പെടാൻ വരെ പദ്ധതിയിട്ടിട്ടും നീക്കങ്ങൾ പൊളിഞ്ഞു.

ലാൻഡിംഗ് പ്രശ്‍നത്തില്‍ ജിദ്ദ കരിപ്പൂർ വിമാനത്തിനുണ്ടായ അനിശ്ചിതത്വം ഇന്നലെ കേരളത്തെ മുൾമുനയിൽ നിർത്തിയിരുന്നു. എന്നാല്‍ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയപ്പോൾ അനിശ്ചിതത്വം ആശ്വാസത്തിനും വഴിമാറി. ജീവൻ  തിരിച്ച് കിട്ടിയതിൽ യാത്രക്കാർ സന്തോഷിക്കുമ്പോൾ ഒരാൾ മാത്രം മറ്റൊരു കുരുക്കിൽപ്പെട്ടു. ജിദ്ദ കാലിക്കറ്റ് സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്രചെയ്ത മലപ്പുറം സ്വദേശി സമദ് 1650 ഗ്രാം സ്വർണ്ണമാണ് ശരീരത്തിൽ സൂക്ഷിച്ചത്. അരയിൽ സ്വര്‍ണ്ണം കെട്ടിവച്ച് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ വ്യക്തമായ പദ്ധതിയും തയ്യാറാക്കിയിരുന്നു.

എന്നാൽ വിമാനം കൊച്ചിയിൽ ഇറങ്ങിയതോടെ പദ്ധതി പൊളിഞ്ഞു. മറ്റൊരു വിമാനത്തിൽ കരിപ്പൂരിലേക്ക് ഈ യാത്രാക്കാരെ കൊണ്ടുപോകാനുള്ള സ്പൈസ് ജെറ്റ് നടപടിയാണ് വെട്ടിലാക്കിയത്. അടുത്ത വിമാനത്തിൽ കയറും മുമ്പുള്ള സുരക്ഷാ പരിശോധനാ സമയം സ്വർണ്ണം പിടിക്കപ്പെടുമെന്ന് ഉറപ്പായി. അൽപ്പം മാറി സ്വർണ്ണം ഉപേക്ഷിക്കാൻ സമദ് ശ്രമിച്ചെങ്കിലും ഈ അസ്വാഭാവികത സഹയാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇത് റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ഉദ്യോഗസ്ഥ പരിശോധനയും നടന്നു. സ്വർണ്ണവും പിടികൂടി. 70ലക്ഷമാണ് കടത്ത് സ്വർണ്ണത്തിന്‍റെ മൂല്യം. സമദിനെതിരെ കസ്റ്റംസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here