ഡോക്ടര്‍മാരുടെ പിഴ മൂലം ലിംഗം നീക്കം ചെയ്യേണ്ടി വന്നു; 54 ലക്ഷം നഷ്ടപരിഹാരം

0
191

ചികിത്സാപ്പിഴവ് സംഭവിച്ചതായി കണ്ടെത്തപ്പെട്ടാല്‍ അത് തീര്‍ച്ചയായും പരാതിക്കാരനോ പരാതിക്കാരിക്കോ നഷ്ടപരിഹാരം നല്‍കുന്നതിലേക്കോ, അല്ലെങ്കില്‍ ഉത്തരവാദികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശിക്ഷ നല്‍കുന്നതിലേക്കോ നയിക്കാറുണ്ട്.

പലപ്പോഴും ഉത്തരവാദികളായവരെ ശിക്ഷിക്കുന്നത് കൊണ്ടോ നഷ്ടപരിഹാരം നല്‍കുന്നത് കൊണ്ടോ പകരം വയ്ക്കാൻ സാധിക്കാത്ത വിധത്തിലുള്ള നഷ്ടമായിരിക്കാം ഇപ്പുറത്ത് സംഭവിച്ചിട്ടുണ്ടാവുക. ഇത്തരത്തില്‍ രോഗികളുടെ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്.

ഇപ്പോഴിതാ ഡോക്ടര്‍മാരുടെ ചികിത്സാപ്പിഴവ് കൊണ്ട് ലിംഗം മുറിച്ചുമാറ്റേണ്ടി വന്നൊരു യുവാവിന് 54 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാൻസില്‍ ഒരു കോടതി. മുപ്പത് വയസുള്ളപ്പോഴാണ് വിവാഹിതനും അച്ഛനുമായ യുവാവിന് ലിംഗത്തില്‍ കാര്‍സിനോമ (ക്യാൻസര്‍) സ്ഥിരീകരിക്കുന്നത്.

ക്യാൻസര്‍ സ്ഥിരീകരിച്ച ശേഷം ആദ്യം ഒരു ഡോക്ടറുടെ സഹായത്തോടെ ലിംഗത്തിലുണ്ടായിരുന്ന മുഴ ഏറെക്കുറെ നീക്കം ചെയ്യാൻ സാധിച്ചിരുന്നുവത്രേ. എന്നാല്‍ ഈ ശസ്ത്രക്രിയയിലെ പിഴവ് കൊണ്ട് തന്നെ ക്യാൻസര്‍ ലിംഗത്തിലാകെ പടര്‍ന്ന സാഹചര്യമുണ്ടായി എന്നാണിദ്ദേഹം പറയുന്നത്.

പിന്നീട് അസഹ്യമായ വേദനയും പതിവായതോടെ വീണ്ടും ഇദ്ദേഹം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. ഇതിനിടെ വേദനയും ബുദ്ധിമുട്ടുകളും സഹിക്കാൻ പ്രയാസമായതോടെ സ്വന്തം ലിംഗം മുറിച്ചുമാറ്റാൻ വരെ താൻ മുതിര്‍ന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ഭാര്യയാണ് ഇത് കണ്ട്, തടഞ്ഞതെന്നും ഇദ്ദേഹം പറയുന്നു.

വീണ്ടും ക്യാൻസര്‍ ചികിത്സയ്ക്കെത്തിയപ്പോഴേക്ക് ഏറെ വൈകിയിരുന്നു. ഇതോടെ ലിംഗം മുഴുവനായും നീക്കം ചെയ്തേ പറ്റൂ എന്ന അവസ്ഥയായി. അങ്ങനെ ഇതേ ആശുപത്രിയില്‍ വച്ച് യുവാവിന്‍റെ ലിംഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കാരണം ഒന്നുകില്‍ ലിംഗം നഷ്ടപ്പെടും അല്ലെങ്കില്‍ ജീവൻ നഷ്ടപ്പെടുമെന്നതായിരുന്നു അവസ്ഥയെന്ന് ഇദ്ദേഹം പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ലിംഗത്തിന് പകരം ഇതിന്‍റെ ധര്‍മ്മം നടത്തുന്നതിനായി കൃത്രിമായവം പിടിപ്പിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും യഥാര്‍ത്ഥ അവയവത്തിന് പകരമാകില്ലല്ലോ എന്നാണിദ്ദേഹം ചോദിക്കുന്നത്.

ഏതായാലും നഷ്ടപരിഹാരം നല്‍കാൻ ആശുപത്രിയോട് കോടതി ഉത്തരവിട്ടതോടെ ഇദ്ദേഹത്തിന്‍റെ അനുഭവങ്ങള്‍ ഏവരും അറിഞ്ഞിരിക്കുകയാണിപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here