ദേ വീണ്ടും സന്തോഷം! ലാലേട്ടന് പിന്നാലെ ലോകകപ്പ് വേദിയെ ത്രസിപ്പിക്കാന്‍ മമ്മൂക്കയുമെത്തി, വന്‍ വരവേല്‍പ്പ്

0
331

ദോഹ: ലോകകപ്പിന്‍റെ കലാശ പോരാട്ടത്തിന് സാക്ഷിയാകാന്‍ മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലിന് പിന്നാലെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഖത്തറിലെത്തി. ഖത്തറില്‍ മമ്മൂട്ടിക്ക് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോൾ ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെയെന്ന് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നു.

ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ അര്‍ജന്‍റീനയും ഫ്രാന്‍സും തമ്മിലുള്ള അങ്കം കാണാന്‍ എത്തുന്നത്. ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഫുട്ബോളിനോടുള്ള കേരളത്തിന്‍റെ സ്നേഹം അറിയിക്കുന്ന മോഹന്‍ലാലിന്‍റെ ട്രിബ്യൂട്ട് സോംഗ് കേരളമാകെ ആവേശം സൃഷ്ടിച്ചിരുന്നു. ഖത്തറില്‍ വച്ച് തന്നെയായിരുന്നു ഗാനം പുറത്തിറക്കിയത്. കേരളത്തിന്‍റെ ഫുട്ബോള്‍ ആവേശത്തിന്‍റെ കേന്ദ്രമായ മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്ന് ലോക ഫുട്ബോളിലേക്ക് എത്തുന്ന തരത്തിലായിരുന്നു  ഗാനത്തിന്‍റെ ദൃശ്യാഖ്യാനം.

ബറോസിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ ദൃശ്യത്തോടെയാണ് വീഡിയോ സോംഗ് ആരംഭിക്കുന്നതും അവസാനിക്കുന്നതും. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. അതേസമയം, ഖത്തറിലെ വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാകാന്‍ നിരവധി മലയാളികളും ഒരുങ്ങി കഴിഞ്ഞു. കാല്‍പ്പന്ത് കളിയെ ജീവിതത്തോട് ചേര്‍ത്തുപിടിക്കുന്ന മലയാളികള്‍ക്ക് ലോക പോരാട്ടങ്ങള്‍ കാണാന്‍ വലിയ അവസരങ്ങള്‍ ഒരുക്കിയാണ് ഖത്തര്‍ 2022 വിടവാങ്ങുന്നത്.

ഏറ്റവും കൂടുതല്‍ മലയാളികള്‍ കണ്ട ലോകകപ്പാണ് ഖത്തറിലേതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ട്രോഫി അനാച്ഛാദനം ചെയ്യാനാ‌യി ബോളിവുഡ് താരം ദീപിക പദുകോണും ഖത്തറിലേക്ക് പറന്നിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന ഫൈനലിന് മുന്നോടിയായി ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ട്രോഫി അനാച്ഛാദനം നിർവഹിക്കുന്നത് ദീപികയാണെന്നാണ് റിപ്പോർട്ട്. എന്നാൽ, ദീപിക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. താരം ഖത്തറിലേക്ക് പറക്കുന്ന വിവരം മുംബൈ എയർപോർട്ടിൽനിന്നുള്ള വീഡിയോ ട്വീറ്റ് ചെയ്തതിലൂടെയാണ് അറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here