അരിയും മണ്ണെണ്ണയും മാത്രമല്ല, റേഷൻ കടകൾ ഇനി മിനി സൂപ്പ‍ർമാർക്കറ്റ്; എന്താണ് കെ-സ്റ്റോ‍ർ?

0
213

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവ‍ർത്തിക്കുന്ന എല്ലാ റേഷൻ കടകളെയും നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന ‘കെ സ്റ്റോർ’ ആക്കി മാറ്റാനൊരുങ്ങി സംസ്ഥാന സർക്കാർ. റേഷൻ വിതരണത്തിനു പുറമെ മറ്റു സാധനങ്ങലും വിൽക്കുന്ന തരത്തിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മുൻപ് മറ്റ് അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവുള്ള സ്ഥലങ്ങളിൽ കെ- സ്റ്റോർ നടപ്പാക്കുമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയിരുന്നതെങ്കിൽ കേരളത്തിലെ എല്ലാ റേഷൻകടകളെയും പുതിയ ബ്രാൻഡിൽ റീ-ബ്രാൻഡ് ചെയ്യാനാണ് സർക്കാർ പദ്ധതി.

പഴകിയ ചുവരുകളും ചാക്കുകെട്ടുകളും പരാധീനതകൾ അവസാനിക്കാത്ത കടയുടമകളുമാണ് കേരളത്തിലെ റേഷൻ കടകളുടെ മുഖമുദ്ര. എന്നാൽ ഈ പ്രതിച്ഛായ പാടേ മാറ്റുക എന്നതാണ് സർക്കാർ പദ്ധതി. ആവശ്യക്കാർക്ക് റേഷൻ കടകൾ വഴി നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകുന്നതോടൊപ്പം റേഷൻ ഡീലർമാർക്ക് കൂടുതൽ വരുമാനവും ലഭിക്കും. ഇത്തരത്തിൽ റേഷൻ കടകളെ ഒരു ചെറിയ സൂപ്പർമാർക്കറ്റ്, മൈക്രോ എടിഎം രൂപത്തിലേയ്ക്ക് മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ആധാറുമായി ബന്ധിപ്പിച്ച റേഷൻ കാർഡുകളാണ് കേരളത്തിൽ എല്ലായിടത്തും സ്വീകരിക്കുന്നതെങ്കിലും വില പണമായി തന്നെ നൽകേണ്ടതുണ്ട്. എന്നാൽ ഉടൻ തന്നെ ഇതിനും മാറ്റം വരും. ഡിജിറ്റൽ രൂപത്തിൽ സാധനത്തിൻ്റെ വില നൽകുന്നതിനു പുറമെ ചെറിയ ബാങ്കിടപാടുകൾ നടത്താനും ബാങ്ക് അക്കൌണ്ടിൽ നിന്നു തുക പിൻവലിക്കാനുമുള്ള സംവിധാനം റേഷൻ കടയിൽ ഉണ്ടാകും. ഇ പോസ് മെഷീൻ്റെ സഹായത്തോടെ തന്നെയായിരിക്കും ഇത് നടപ്പാക്കുക. സംസ്ഥാനത്തെ 837 റേഷൻ കടയുടമകൾ ഈ മാറ്റം നടപ്പാക്കാമെന്ന് വ്യക്തമാക്കിയിരുന്നതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ജൂലൈ മാസത്തിൽ വ്യക്തമാക്കിയിരുന്നു.
  1. എന്താണ് കെ-സ്റ്റോറും റേഷൻ കടയും തമ്മിലുള്ള വ്യത്യാസം?
    കെ സ്റ്റോറുകളാക്കി മാറ്റിയാലും നിലവിൽ റേഷൻ കടകളിൽ നിന്നു ലഭിക്കുന്ന സേവനങ്ങളും ഉത്പന്നങ്ങളും അതേപടി തുടരും. ഇതിനു പുറമെയാണ് ബാങ്കിടപാടുകൾ, എൽപിജി സിലിണ്ടറുകൾ, സപ്ലൈകോ ഉത്പന്നങ്ങൾ തുടങ്ങിയവയും ലഭ്യമാക്കുക. മിൽമ പാലുത്പന്നങ്ങളും കെ സ്റ്റോറുകളിൽ നിന്ന് ലഭിക്കും. ഏതാനും മാസങ്ങൾക്കുള്ളിൽ പൈലറ്റ് അടിസ്ഥാനത്തിൽ ഓരോ ജില്ലയിലും അഞ്ച് റേഷൻ കടകൾ വീതം കെ സ്റ്റോറുകളാക്കി മാറ്റാനായിരുന്നു സർക്കാർ പദ്ധതിയിട്ടത്. എന്നാൽ ആദ്യ ഘട്ടത്തിൽ കടകളിൽ സാധനങ്ങൾ എത്തിക്കുന്നതിൽ അടക്കം വീഴ്ച വന്നതോടെ പദ്ധതി വിമ‍ർശനം നേരിട്ടു.ചുരുങ്ങിയത് 300 ചതുരശ്ര അടി വലുപ്പമുള്ള കടകൾക്കാണ് കെ-സ്റ്റോ‍ർ ലൈസൻസ് അനുവദിക്കുക എന്നായിരുന്നു സ‍ർക്കാർ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ എല്ലാ റേഷൻ കടകളിലും മാറ്റം വരുന്ന സാഹചര്യത്തിൽ ഈ നിബന്ധന ഉണ്ടാകുമോ എന്ന് ഉറപ്പില്ല.
  2. കെ-സ്റ്റോർ വഴി പണം പിൻവലിക്കാമോ?
    രാജ്യത്തെ റേഷൻ കടകളിൽ ആധാർ അധിഷ്ഠിത ഇ പോസ് മെഷീനുകൾ നടപ്പാക്കിയപ്പോൾ കേന്ദ്രസർക്കാർ മൈക്രോ – എടിഎമ്മുകൾ എന്ന ആശയവും ഇതോടൊപ്പം മുന്നോട്ടു വെച്ചിരുന്നു. എന്നാൽ കേന്ദ്രം 2015ൽ മുന്നോട്ടു വെച്ച നിർദേശം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഇ പോസ് മെഷീനുകൾ മൈക്രോ എടിഎം ആകുന്നതോടു കൂടി ആളുകൾക്ക് ഡെബിറ്റ് കാർഡുകളോ സ്മാർട്ട് റേഷൻ കാർഡുകളോ സ്വൈപ് ചെയ്ത് ചെറിയ തുകകൾ പിൻവലിക്കാനും ബാങ്കിലെ ബാലൻസ് പരിശോധിക്കുക, പണം ട്രാൻസ്ഫർ ചെയ്യുക തുടങ്ങിയ സേവനങ്ങൾ നേടാനും സാധിക്കും.
  3. കെ-സ്റ്റോറിൽ എന്തൊക്കെ ലഭിക്കും?
    കെ-സ്റ്റോറുകൾ ആകുന്നതോടെ നിലവിൽ മാവലി സ്റ്റോറുകളിൽ സബ്സിഡിയോടെ വിൽക്കുന്ന 13 ഇനം സാധനങ്ങൾ റേഷൻ കടകൾ വഴി ലഭിക്കും. കൂടാതെ അഞ്ച് കിലോഗ്രാം തൂക്കം വരുന്ന ഇന്ത്യൻ ഓയിൽ ഛോട്ടു ഗ്യാസ് സിലിണ്ടറും റേഷൻ കടയിൽ ലഭിക്കും. മിൽമ പാലും മറ്റ് ഉത്പന്നങ്ങളും കടയിലുണ്ടാകും. വെള്ളത്തിൻ്റെയും വൈദ്യുതിയുടെയും ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യവും റേഷൻ കടയിൽ ഉണ്ടാകും എന്നും സ‍ർക്കാർ വാഗ്ദാനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here