ആപ്പിള്‍ പ്രേമികള്‍ക്ക് വിരുന്നാകും; ഐഫോണ്‍ 15-ല്‍ വരാന്‍ പോകുന്നത് വന്‍ മാറ്റങ്ങള്‍

0
193

2023-ല്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ള ഐഫോണ്‍ 15 നായുള്ള കാത്തിരിപ്പിലാണ് ആപ്പിളിന്റെ ആരാധകര്‍. പുതിയ മോഡലില്‍ മൂന്ന് പ്രധാന മാറ്റങ്ങള്‍ വരാന്‍ പോകുന്നുവെന്നാണ് വിവരങ്ങള്‍. ആപ്പിളിന്റെ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനകരമായേക്കാവുന്ന മാറ്റങ്ങളാകും ഇവ.

ലൈറ്റ്നിങ് ചാര്‍ജിങ് പോര്‍ട്ടിന് പകരം ടൈപ്പ് സി

യു.എസ്.ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകളിലേയ്ക്ക് ഐഫോണ്‍ 15 മുതല്‍ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2024 അവസാനത്തോടെ ഐഫോണ്‍ ഉള്‍പ്പടെയുള്ള സ്മാര്‍ട്ട്ഫോണുകള്‍ പൂര്‍ണമായും യു.എസ്.ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകളിലേയ്ക്ക് മാറണമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2024 ഡിസംബര്‍ 28 അവസാന തീയതിയായി യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചതായാണ് വിവരങ്ങള്‍.

അന്തിമ തീയതി യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചെങ്കിലും 2023ല്‍ പുറത്തിറങ്ങുന്ന ഐഫോണിലും നിലവില്‍ ഉപയോഗിക്കുന്ന ലൈറ്റ്നിങ് ചാര്‍ജിങ് പോര്‍ട്ടിന് പകരം ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട് ഉപയോഗിക്കാന്‍ സാധ്യതയില്ലെന്നാണ് നേരത്തെ പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. എന്നാല്‍ ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് ഐഫോണ്‍ 15 മുതല്‍ യു.എസ്.ബി ടൈപ്പ് സി ചാര്‍ജിങിലേയ്ക്ക് ആപ്പിള്‍ ചുവടുമാറ്റിയേക്കും.

ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകളിലേയ്ക്ക് മാറാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനമെടുത്തത്. ഇതോടുകൂടി ഉപഭോക്താക്കള്‍ക്ക് അവരുടെ ഉപകരണങ്ങള്‍ക്കെല്ലാം കൂടി ഒരു ചാര്‍ജര്‍ തന്നെ ഉപയോഗിച്ചാല്‍ മതിയാവും.

ആന്‍ഡ്രോയിഡിലെ ഏറ്റവും മികച്ച ഫീച്ചര്‍ ഐഫോണിലേയ്ക്കും

ഉപയോക്താക്കളുടെ പ്രൈവസി മാനിക്കുന്നതില്‍ ഒട്ടും വിട്ടുവീഴ്ച കാണിക്കാത്തവരാണ് ആപ്പിള്‍. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി ആന്‍ഡ്രോയിഡില്‍ ലഭ്യമാകുന്ന പല ഫീച്ചറുകളും ആപ്പിള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ആന്‍ഡ്രോയിലെ ഏറ്റവും മികച്ച ഫീച്ചറുകളിലൊന്ന് ആപ്പിളിലേയ്ക്കും വരുന്നുവെന്നാണ് വിവരങ്ങള്‍.

തേര്‍ഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകള്‍ ഐഓഎസില്‍ അനുവദിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നുവെന്നാണ് ബ്ലുംബര്‍ഗിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആപ് സ്റ്റോറിന് പുറത്തുള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും അനുവാദമുണ്ടായേക്കും. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും പ്രയോജനകരമായേക്കാവുന്ന ഫീച്ചറാകും ഇത്. എന്നാല്‍ പ്രൈവസിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരും.

നിലവില്‍ ഐഫോണ്‍, ഐപാഡ് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് ആപ്പ് സ്റ്റോറില്‍ നിന്ന് മാത്രമേ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളു. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സാധിക്കുന്നുണ്ട്.

യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്സ് ആക്ട് അനുസരിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിളിന്റെ നീക്കം. സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടാകണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വക്താവ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം ഒന്നും ഇതുവരെ നല്‍കിയിട്ടില്ല. അതേസമയം, ആപ്പിള്‍ എന്തെങ്കിലും മാറ്റം വരുത്തുന്നുവെങ്കില്‍ത്തന്നെ അത് യൂറോപ്യന്‍ യൂണിയന്റെ പരിധിയില്‍ വരുന്ന മേഖലകളില്‍ മാത്രമായിരിക്കുമെന്ന് വിവരങ്ങളുണ്ട്.

ഡൈനാമിക് ഐലന്‍ഡ്

ആപ്പിള്‍ ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ മാത്രമായി അവതരിപ്പിച്ചിട്ടുള്ള ഫീച്ചറാണ് ഡൈനാമിക് ഐലന്‍ഡ് എന്ന് വിളിക്കുന്ന ഡിസ്‌പ്ലേ നോച്ച്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്ലാ ഐഫോണ്‍ 15 മോഡലുകളിലും ഡൈനാമിക് ഐലന്‍ഡ് ഫീച്ചര്‍ ഉണ്ടായേക്കും.

ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് ഫോണുകളില്‍ സെല്‍ഫി ക്യാമറയും ഫേയ്‌സ് ഐഡി സെന്‍സറുകളും എല്ലാം സ്ഥാപിച്ചിട്ടുള്ള ഒരു നീണ്ട ഗുളികയുടെ ആകൃതിയിലുള്ള ഡിസ്‌പ്ലേ നോച്ച് ആണ് ഡൈനാമിക് ഐലന്‍ഡ്.

സാധാരണ ആന്‍ഡ്രോയിഡ് ഫോണുകളിലും മറ്റും പഞ്ച് ഹോള്‍ മാതൃകയില്‍ സെല്‍ഫി ക്യാമറയ്ക്കും മറ്റും വേണ്ടി സ്ഥലം ഒഴിച്ചിടാറുണ്ട്. എന്നാല്‍ ഐഫോണ്‍ 14 പ്രോയുടെ യൂസര്‍ ഇന്റര്‍ഫെയ്‌സിനോട് ചേര്‍ത്തുകൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇതുമായി ചേര്‍ത്ത് നോട്ടിഫിക്കേഷനുകളും സ്റ്റാറ്റസ് ഇന്‍ഡിക്കേറ്ററുകള്‍ കാണിക്കുന്ന രീതിയില്‍ മാറ്റം വരുത്തുകയും ചെയ്തു.

ഡിസ്‌പ്ലേ ഇന്‍ഡസ്ട്രി അനലിസ്റ്റായ റോസ്സ് യങ് ആണ് ഡൈനാമിക് ഐലന്‍ഡ് ഐഫോണ്‍ 15 പരമ്പരയിലുടനീളം ലഭ്യമാക്കുമെന്ന അവകാശവാദവുമായി എത്തിയിരിക്കുന്നത്. ഡൈനാമിക് ഐലന്‍ഡ് എന്ന ഫീച്ചര്‍ കൊണ്ടുമാത്രം ചില ഉപഭോക്താക്കള്‍ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് ഫോണുകള്‍ വാങ്ങുന്നതില്‍ നിന്ന് പിന്തിരിയുകയും പകരം പ്രോ മോഡലുകളിലേക്ക് തിരിയുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ വളരെ പുതുമയുള്ള ഫീച്ചര്‍ ആണെങ്കിലും അടുത്ത രണ്ട് വര്‍ഷം കൊണ്ട് ഇത് സാധാരണമായൊരു ഐഫോണ്‍ ഫീച്ചര്‍ ആയി മാറുമെന്നാണ് റോസ് യങ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here