ഫിഫ പോലും വിറച്ച് പോയി! ഇതെങ്ങനെ എന്ന് ചോദിച്ച് ആരാധകര്‍, സെമി ലൈനപ്പ് പ്രവചിച്ച ഇന്ത്യന്‍ ടീം പരിശീലകന്‍

0
377

ദോഹ: ഗ്രൂപ്പ് ഘട്ടം മുതല്‍ അട്ടിമറികള്‍ ഒരുപാട് കണ്ട ലോകകപ്പാണ് ഖത്തറിലേത്. പേരും പെരുമയുമായി എത്തിയ വമ്പന്മാരെ പോരാട്ട വീര്യം കൊണ്ട് ഏഷ്യന്‍, ആഫ്രിക്കന്‍ ടീമുകള്‍ അടിക്കുന്നത് പലവട്ടം കണ്ടുകഴിഞ്ഞു. ബെല്‍ജിയം, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവരെ കണ്ണീര് കുടിപ്പിച്ച് മൊറോക്കോയുടെ യാത്ര എത്തി നില്‍ക്കുന്നത് ലോകകപ്പ് സെമി ഫൈനലിലാണ്. ഇതിനിടെ ഫുട്ബോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്‍റെ ഒരു പ്രവചനം.

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ എത്തിനില്‍ക്കേയാണ് സ്റ്റിമാക്ക് സെമി ഫൈനല്‍ ലൈനപ്പ് പ്രവചിച്ചത്. ലോകകപ്പ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്ന സ്പോര്‍ട്സ് 18ന്‍റെ വിദഗ്ധ പാനലില്‍ അംഗമാണ് സ്റ്റിമാക്കും. വെയ്‍ന്‍ റൂണിയും ലൂയിസ് ഫിഗോയും അടക്കമുള്ള വിദഗ്ധ പാനലിലെ എല്ലാവരും സെമിയില്‍ എത്തുന്ന ടീമുകളെ പ്രവചിച്ചിരുന്നു. ബ്രസീല്‍, സ്പെയിന്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകള്‍ ഒക്കെ സെമിയില്‍ എത്തുമെന്നാണ് പലരും പ്രവചിച്ചത്.

എന്നാല്‍, സ്റ്റിമാക്കിന്‍റെ പ്രവചനം മാത്രം കിറുകൃത്യമായി. വളരെ ആലോചിച്ച് കൊണ്ട് ആദ്യം ഫ്രാന്‍സിന്‍റ പേരാണ് സ്റ്റിമാക്ക് പറയുന്നത്. രണ്ടാമത് ക്രൊയേഷ്യയെയും മൂന്നാമതായി അര്‍ജന്‍റീനയെയും സ്റ്റിമാക്ക് തെരഞ്ഞെടുത്തു. വീണ്ടും ആലോചിച്ച് കൊണ്ട് അദ്ദേഹം മൊറോക്കോയെയും അവസാന നാലില്‍ ഉള്‍പ്പെടുത്തി. തന്‍റെ പ്രവചനങ്ങൾ പൊതുവെ തെറ്റാറില്ല എന്നാണ് സ്റ്റിമാക്ക് ട്വിറ്ററില്‍ കുറിച്ചത്.  ഊഹിക്കാൻ ഇഷ്ടപ്പെടാത്തതിനാൽ മനസ്സും ഹൃദയവും ചേർന്ന് ചിന്തിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമി പോരാട്ടത്തിനായി ലൂസൈല്‍ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു.  ലിയോണൽ മെസിയുടെ അർജന്റീനയും ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ഏറ്റുമുട്ടുമ്പോൾ തീപാറും പോരാട്ടമുറപ്പ്. രാത്രി 12.30നാണ് മത്സരം. ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റ ശേഷം മികച്ച ഫോമിലുള്ള അർജന്റീന ക്വാർട്ടറിൽ നെതർലാൻഡ്സിനെ മറിക‌ടന്നാണ് എത്തുന്നത്. ​ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയെ മാത്രം തോൽപ്പിച്ച് മൊറോക്കോയോടും ബെൽജിയത്തോടയും സമനില പാലിച്ച് നോക്കൗട്ടിലേക്ക് മുന്നേറിയ ക്രൊയേഷ്യ ജപ്പാനെയും ബ്രസീലിനെയും തകർത്താണ് സെമി ഉറപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here