ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കും ഐഫോണുകള്‍ക്കും ഇനി ഒരേ ചാര്‍ജര്‍; മാനദണ്ഡങ്ങള്‍ പുറത്തിറക്കി ബിഐഎസ്

0
178

രാജ്യത്ത് ചാര്‍ജിങ് പോര്‍ട്ടുകള്‍ ഏകീകരിക്കാനുള്ള തീരുമാനത്തിനു പിന്നാലെ യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടിനായി ഗുണനിലവാര മാനദണ്ഡങ്ങള്‍ പുറത്തിറക്കി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്). ഉപഭോക്താക്കളുടെ സൗകര്യത്തിനും ഇ-മാലിന്യം കുറയ്ക്കുന്നതിനുമായി ഉപഭോക്തൃകാര്യ വകുപ്പ് രണ്ട് തരത്തിലുള്ള പൊതുവായ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഇന്ത്യയില്‍ കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. ഇതോടെ ഐ ഫോണുകള്‍ക്കും ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കും ഒരേ തരത്തിലുള്ള ചാര്‍ജര്‍ ഉപയോഗിക്കാന്‍ സാധിക്കും.

എല്ലാ മൊബൈലുകള്‍ക്കും സി ടൈപ്പ് ചാര്‍ജര്‍ കൊണ്ട് വരുന്നതിനൊപ്പം തന്നെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ചാര്‍ജറുകളും ഏകീകരിക്കും. ‘കഴിഞ്ഞ മീറ്റിംഗില്‍ , സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള്‍, ലാപ്ടോപ്പുകള്‍ തുടങ്ങിയവയുടെ ചാര്‍ജിംഗ് പോര്‍ട്ടായി യുഎസ്ബി ടൈപ്പ് സി സ്വീകരിക്കുന്നത് സംബന്ധിച്ച് ധാരണയായിരുന്നു. അതോടൊപ്പം ടൈപ്പ് സി ചാര്‍ജറിന്റെ മാനദണ്ഡങ്ങളും ബിഐഎസ് അറിയിച്ചിട്ടുണ്ടെന്ന് ‘ ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് പിടിഐയോട് പ്രതികരിച്ചു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാണ്‍പൂര്‍ ,വാച്ചുകള്‍ ഉള്‍പ്പെടെ ധരിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കായി സിംഗിള്‍ ചാര്‍ജിംഗ് പോര്‍ട്ട് വികസിപ്പിക്കുകയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞാല്‍, ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.സ്മാര്‍ട്ട് വാച്ചുകള്‍ ഉള്‍പ്പെടെയുള്ള വെയറബിള്‍സിനായി ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ട് കൊണ്ടുവരുന്നത് സംബന്ധിച്ച പഠനത്തിനായി ഒരു ഉപഗ്രൂപ്പ് രൂപീകരിക്കാനും നവംബര്‍ 16ന് ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഉപഗ്രൂപ്പില്‍ വ്യവസായ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here