പെനാൽറ്റി വിവാദം കത്തിയ ലോകകപ്പ് ഫൈനലിൽ തനിക്ക് ഒരു തെറ്റ് പറ്റിയതായി സമ്മതിച്ച് റഫറി

0
555

അർജന്റീനയും ഫ്രാൻസും മുഖാമുഖം നിന്ന ഖത്തർ ലോകകപ്പ് ഫൈനലിനു പിന്നാലെ കത്തിപ്പടർന്ന വിവാദങ്ങളുടെ കനൽ ഇനിയുമൊടുങ്ങിയിട്ടില്ല. തുടക്കം മുതൽ വില്ലൻ വേഷം പതിച്ചുകിട്ടിയ ​പോളണ്ടുകാരനായ റഫറി സൈമൺ മാർസിനിയക് മുതൽ വൈകിയെത്തിയ അർജന്റീന ഗോളി എമിലിയാനോ മാർടിനെസ് വരെ പലരുണ്ട് പ്രതിസ്ഥാനത്ത്. മത്സരത്തിലെ തീരുമാനങ്ങളായിരുന്നു റഫറിയെ ഒന്നാം പ്രതിയാ​ക്കിയതെങ്കിൽ കളി കഴിഞ്ഞ് നാട്ടിലെത്തിയും അതിനു മുമ്പും നടത്തിയ പ്രകടനങ്ങളാണ് മാർടിനെസിനെതിരെ കൊലവിളിക്ക് കാരണമായത്.

ആവേശം പര​കോടിയിലെത്തിയ കലാശപ്പോരിൽ അധികസമയവും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ലാറ്റിൻ അമേരിക്കക്കാർ 4-2ന് ജയിച്ച് കപ്പുമായി മടങ്ങിയത്. ഹാട്രിക് കുറിച്ച് എംബാപ്പെ നിറഞ്ഞുനിന്നപ്പോൾ മെസ്സി രണ്ട് ഗോളും നേടി. ഷൂട്ടൗട്ടിനു പുറമെ മൂന്നു പെനാൽറ്റി ഗോളുകളാണ് ഇരു ടീമുകളുമായി സ്കോർ ചെയ്തത്. ഇതിൽ രണ്ടെണ്ണം എംബാപ്പെയുടെ ബൂട്ടിൽനിന്ന് പറന്നപ്പോൾ ഒന്ന് മെസ്സിയും നേടി.

മെസ്സിയുടെ രണ്ടാം ഗോളിനെതിരെ ഫ്രഞ്ച് പത്രം ലാ എക്വിപ് കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. താരത്തിന്റെ ഗോൾ അംഗീകരിക്കുമ്പോൾ അർജന്റീനയുടെ ഒരു പകരക്കാരൻ മൈതാനത്തുണ്ടായിരുന്നെന്നും ഇങ്ങനെ സംഭവിക്കുന്ന പക്ഷം ഗോൾ അനുവദിക്കാതെ അധിക താരം നിന്ന സ്ഥാനത്തുനിന്ന് ഫ്രീകിക് അനുവദിക്കുകയാണ് വേണ്ടിയിരുന്നതെന്നുമായിരുന്നു ആവശ്യം. ഗോൾ അനുവദിക്കുംമുമ്പ് അർജന്റീന താരങ്ങൾ മൈതാനത്തിറങ്ങിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു വിമർശനം. എന്നാൽ, എംബാപ്പെ പെനാൽറ്റിയിൽ മൂന്നാം ഗോൾ നേടുമ്പോഴും ​ഫ്രഞ്ച് താരങ്ങൾ മൈതാനത്തിറങ്ങിയെന്നും എന്നിട്ടും ഗോൾ അനുവദിക്കുകയായിരുന്നെന്നും റഫറി മാർസിനിയക് തുറന്നടിച്ചു. എംബാപ്പെ ഗോൾ നേടുന്ന ചിത്രം മൊബൈൽ ഫോണിൽ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചായിരുന്നു മാർസിനിയകിന്റെ വെളിപ്പെടുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here