ബ്രിട്ടീഷുകാർക്ക് സവർക്കർ എഴുതിയ കത്ത് പുറത്തുവിട്ട രാഹുൽഗാന്ധിക്കെതിരേ കേസ്

0
174

മുംബൈ: ബ്രിട്ടീഷുകാരന്റെ സേവകനാകാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ച് വി.ഡി സവർക്കർ എഴുതിയ കത്ത് പുറത്തുവിട്ട കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരേ കേസെടുത്ത് മഹാരാഷ്ട്ര സർക്കാർ. ശിവസേന ഷിൻഡെ വിഭാഗത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സവർക്കറുടെ കൊച്ചുമകനും പൊലീസിൽ പരാതി നൽകിയിരുന്നു. ഐ.പി.സിയിലെ 500, 501 വകുപ്പുകൾ പ്രകാരമാണ് കേസ്.

ഇന്നലെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ അകോളയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ കത്ത് പ്രദർശിപ്പിച്ചത്. ഇതെനിക്ക് വളരെ പ്രധാനപ്പെട്ട രേഖയാണെന്ന് പറഞ്ഞായിരുന്നു കത്ത് പുറത്തുവിട്ടത്. സാർ, ഞാൻ അങ്ങയുടെ വിനീത സേവകനായി തുടരാൻ യാചിക്കുന്നു,കത്തിലെ അവസാന വരി ഇങ്ങനെയാണെ് രാഹുൽ പറഞ്ഞു.
കത്ത് ഞാനെഴുതിയതല്ല, സവർക്കർ എഴുതിയതാണ്. സവർക്കർ ഇംഗ്ലീഷുകാരെ സഹായിച്ചുവെന്നതിൽ എനിക്ക് സംശയമില്ല. ബ്രിട്ടീഷുകാരെ പേടിയായതിനാലാണ് അവർക്ക് സവർക്കർ കത്തെഴുതിയത്. മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്‌റുവും സർദാർ പട്ടേലും വർഷങ്ങളോളം ജയിലിൽ കിടന്നിട്ടുണ്ടെങ്കിലും അവരാരും ഇങ്ങനെ ചെയ്തിട്ടില്ല- രാഹുൽ പറഞ്ഞിരുന്നു.

സവർക്കറെ കുറിച്ചുള്ള രാഹുൽഗാന്ധിയുടെ നടപടി തള്ളി മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ രംഗത്തുവരുകയുംചെയ്തു. പ്രസ്താവന അംഗീകരിക്കാനാകില്ല. തങ്ങൾ ഇപ്പോഴും സവർക്കറെ ആദരിക്കുന്നു. രാജ്യത്തിനായി സവർക്കർ നടത്തിയ പോരാട്ടം തമസ്‌കരിക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സർക്കാർ എന്തുകൊണ്ടാണ് ഇതുവരെ സവർക്കർക്ക് ഭാരത രത്‌ന നൽകാത്തതെന്നും ഉദ്ധവ് ചോദിച്ചു. സവർക്കറെ അപമാനിച്ചാൽ മഹാരാഷ്ട്രയിലെ ജനങ്ങൾ സഹിക്കില്ലെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here