ആകെയുള്ളത് തെരുവിലെ ഇത്തിരിയിടം, അവിടം നായകൾക്ക് കൂടി പങ്കുവച്ച് മനുഷ്യൻ

0
171

ഇന്ത്യയിൽ ആയിരക്കണക്കിന് ആളുകൾ ഭക്ഷണമോ പാർപ്പിടമോ ഇല്ലാതെ കഷ്ടപ്പെടുന്നുണ്ട്. എന്നാൽ, അതിനിടയിലും മറ്റ് ജീവികളോട് കരുണ കാണിക്കാൻ മറക്കാത്ത മനുഷ്യരുണ്ട്. അതുപോലെ ഒരു ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

നിരവധി ആളുകളെയാണ് ഈ ചിത്രം സ്പർശിച്ചിരിക്കുന്നത്. ‘മനുഷ്യത്വത്തെ കുറിച്ച് സംസാരിക്കുന്ന ചിത്രം’ എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് ഓഫീസറായ സുശാന്ത നന്ദയാണ് ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്ക് വച്ചിരിക്കുന്നത്.

ഞായറാഴ്ച ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്ന ചിത്രത്തിൽ വീടില്ലാത്ത ഒരാൾ റോഡരികിൽ ഒരു ഷീറ്റ് വിരിച്ച് അതിൽ കിടക്കുന്നത് കാണാം. എന്നാൽ, അതിൽ അദ്ദേഹം ഒറ്റയ്ക്കല്ല കിടക്കുന്നത്. തന്റെ ആ വിരിപ്പിൽ അനേകം തെരുവു നായകൾക്ക് കൂടി അദ്ദേഹം ഇടം നൽകിയിട്ടുണ്ട്.

ആറ് നായകളാണ് അദ്ദേഹത്തോടൊപ്പം ആ ഷീറ്റിൽ വളരെ ശാന്തമായി കിടക്കുന്നത്. അതോടൊപ്പം തന്നെ വെയിലിൽ നിന്നും രക്ഷ നേടാനെന്നോണം ഷീറ്റിന്റെ തൊട്ടടുത്ത് ഒരു കുടയും വച്ചിരിക്കുന്നത് കാണാം. ‘ഈ വലിയ ലോകത്തെ ഉൾക്കൊള്ളാൻ മാത്രം നമ്മുടെ ഹൃദയം വലുതായിരിക്കണം’ എന്നും ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.

വളരെ വേ​ഗത്തിൽ തന്നെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ഈ ലോകത്ത് പിടിച്ച് നിൽക്കുക വളരെ കഷ്ടമാണ്, ആ സമയത്ത് ഇങ്ങനെയുള്ള മനുഷ്യത്വത്തെ കാണിക്കുന്ന ചിത്രം കാണുന്നത് എന്തൊരു സമാധാനമാണ് എന്ന് കുറിച്ചവരുണ്ട്. ’24 കാരറ്റ് സ്വർണത്തിന്റെ ഹൃദയമുള്ള മനുഷ്യൻ’ എന്നാണ് മറ്റൊരാൾ ചിത്രത്തിലെ മനുഷ്യനെ വിശേഷിപ്പിച്ചത്. മറ്റ് ചിലർ ആ ചിത്രം പങ്കു വച്ചതിന് ഐഎഫ്എസ് ഓഫീസറെ അഭിനന്ദിച്ചു.

ഏതായാലും ക്രൂരതകളുടെ വാർത്തകളാൽ നിറഞ്ഞു നിൽക്കുന്ന ദിവസങ്ങളിൽ പങ്കുവച്ചിരിക്കുന്ന ആ ചിത്രം ആരുടേയും ഹൃദയം സ്പർശിക്കുന്നതായിരുന്നു എന്നതിൽ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here