‘അല്ലെങ്കില്‍ ഞാന്‍ മെസിയെന്നേ പറയൂ’, മെസി എങ്ങനെ മേഴ്സിയായി; തുറന്നു പറഞ്ഞ് ഇ പി ജയരാജന്‍

0
82

കണ്ണൂര്‍: ഫുട്ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയെ മേഴ്സിയെന്ന് വിശേഷിപ്പിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ബ്ലാക് മെയില്‍ പൊളിറ്റിക്സാണ് നടക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ അഭിമുഖം നടത്തിയ റിപ്പോര്‍ട്ടറാണ് മെസിയെ മേഴ്സി എന്ന ആദ്യം പറഞ്ഞത്. അത് കേട്ടപ്പോള്‍ എനിക്ക് തന്നെ സംശയമായി. ഇനി മേഴ്സി തന്നെയാണോ എന്ന്. കാരണം മാധ്യമപ്രവര്‍ത്തകര്‍ ഇതിനെക്കുറിച്ചൊക്കെ പഠിച്ചിട്ടാണല്ലോ ചോദ്യങ്ങള്‍ ചോദിക്കുക. അപ്പോള്‍ റിപ്പോര്‍ട്ടര്‍ തന്നെ മേഴ്സി എന്ന് പറഞ്ഞപ്പോള്‍ എനിക്ക് തെറ്റ് പറ്റിയതാണെന്നാണ് ഞാന്‍ കരുതിയത്. അതുകൊണ്ട് പിന്നീട് അവര്‍ പറഞ്ഞത് ഞാന്‍ ആവര്‍ത്തിക്കുകയായിരുന്നു. അല്ലെങ്കില്‍ ഞാന്‍ മെസിയെന്നെ പറയൂ.

പിന്നീടാണ് എനിക്ക് മനസിലായത്, അത് എന്നെയൊന്ന് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ചട്ടം കെട്ടി വന്നതാണെന്ന്. റിപ്പോര്‍ട്ടര്‍ കരുതികൂട്ടി തെറ്റിച്ചതാണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. അത് നിങ്ങള്‍ക്ക് വിഷമമാകും. നാക്കുപിഴയൊക്കെ സംഭവിക്കും അതില്ലൊന്നൊന്നും ഞാന്‍ പറയുന്നില്ല. ഴയില്‍ വരുന്ന വാക്കകളൊക്കെ അത്തരത്തില്‍ തെറ്റിപ്പോവാറുണ്ട്. അര്‍ജന്‍റീന, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ ഉച്ഛാരണം എങ്ങനെയാണെന്നൊന്നും നമുക്ക് അറിയില്ലല്ലോ. എന്നാലും ഞാന്‍ പറഞ്ഞതിനെ ന്യായീകരിക്കുകയല്ല. എങ്കിലും മാധ്യമപ്രവര്‍ത്തകന്‍ തെറ്റായി പറയുമ്പോള്‍ എന്നെപ്പോലൊരാള്‍ അത് കേള്‍ക്കാന്‍ പാടില്ലായിരുന്നു. ഇനി ഞാനത് ശ്രദ്ധിക്കാം.

എനിക്ക് തന്നെ പല ഉച്ഛാരണങ്ങളും തെറ്റാറുണ്ട്. ഇപ്പോ ശസ്ത്രക്രിയക്ക് പകരം ശാസ്ത്രക്രിയ എന്ന് ഞാന്‍ നീട്ടിക്കളയും. ഇപ്പോള്‍ ഞാനത് ശ്രദ്ധിച്ച് ശസ്ത്രക്രിയ എന്ന് തന്നെയാണ് പറയാറ്. പ്രാദേശികമായി സംസാരിക്കുന്നതിന്‍റെ ഭാഗമായൊക്കെചില വാക്കുകള്‍ക്കൊക്കെ അങ്ങനെ സംഭവിക്കാറുണ്ട്. നാക്കുപിഴ ഇല്ലെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ അതൊക്കെ തിരിച്ചറിയാനുള്ള പ്രാപ്തി ഇപ്പോള്‍ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ദുരുദ്ദേശപരമായി പ്രയോഗിക്കുന്നവര്‍ക്ക് അതൊരു രസമായിരിക്കും. അവര്‍ രസിക്കട്ടെ എന്നേ അതില്‍ പറയാനുള്ളുവെന്നും ജയരാജന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here