ഒരു ക്ലബ്ബിന്‍റെയും മേല്‍വിലാസമില്ല; പക്ഷേ, ഇത് സിആര്‍ 7 അല്ലേ, ആ പെനാല്‍റ്റി ചരിത്രത്തിലേക്ക്

0
180

ദോഹ: ലോകകപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കി പോര്‍ച്ചുഗലിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തുടർച്ചയായി അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ആണ് സിആര്‍ 7 സ്വന്തമാക്കിയത്. ഒരു ക്ലബിന്‍റെയും മേൽവിലാസം ഇല്ലാതെ വിവാദങ്ങളും വിമർശനങ്ങളും ഒരുവശത്ത് തുടരുമ്പോഴാണ് ഒരു സമ്മ‌‌‍ര്‍ദങ്ങളും കളിത്തിലേക്ക് എടുക്കാതെ താരത്തിന്‍റെ മിന്നും പ്രകടനം. മത്സരത്തിനിറങ്ങുമ്പോള്‍ വികാരാധീനനായിരുന്നു റോണോ.

മത്സരത്തിന് മുമ്പ് തന്നെ താരം ഗോള്‍ സ്വന്തമാക്കിയാല്‍ അത് റെക്കോര്‍ഡ് ആയിരിക്കുമെന്നുള്ള കാര്യം വലിയ ചര്‍ച്ചയായിരുന്നു. അതിനായുള്ള കാത്തിരിപ്പിനിടെ 30-ാം മിനിറ്റില്‍ റോണോ വലകുലുക്കിയെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. താരവും ആരാധകരും ഒരുപോലെ നിരാശരായി. ഗോൾ രഹിതമായ ആദ്യപകുതിയുടെ സമ്മർദം പക്ഷേ രണ്ടാംപകുതിയിൽ ക്രിസ്റ്റ്യാനോയുടെ മുഖത്ത് ഉണ്ടായിരുന്നില്ല.

65-ാം മിനിറ്റിലെ തന്നെ വീഴ്ത്തിയത് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ആ അപൂര്‍വ്വ നേട്ടം അങ്ങനെ റൊണാള്‍ഡോ പേരിലെഴുതി. 2006ലെ ആദ്യലോകകപ്പിൽ ഒരു ഗോളാണ് റൊണാൾഡോ നേടിയത്. 2010ലും 14ലും അത് ആവർത്തിച്ചു. 2018ൽ സ്പെയിനിനെതിരെ ഹാട്രിക്കടക്കം നാല് ഗോളുകൾ ആകെ സ്വന്തമാക്കി. ലോകകപ്പിൽ ഹാട്രിക് നേടുന്ന പ്രായംകൂടിയ താരമെന്ന റെക്കോർഡോടെയാണ് റഷ്യയിൽ നിന്ന് റോണോ മടങ്ങിയത്.

2006ലെ ലോകകപ്പിൽ ഗോൾ നേടുമ്പോള്‍ 21 വയസും 132 ദിവസവും ആയിരുന്നു ക്രിസ്റ്റ്യാനോയുടെ പ്രായം. ലോകകപ്പിൽ പോർച്ചുഗല്ലിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു അന്ന് റൊണാള്‍ഡോ. ഖത്തറിൽ ഘാനയുടെ വലകുലുക്കിയപ്പോൾ പ്രായം 37 വയസും 295 ദിവസവും. പോർച്ചുഗല്ലിനായി ലോകകപ്പിൽ ഗോൾ നേടുന്ന പ്രായം കൂടിയ താരമെന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. തന്‍റെ കാലിലെ വെടിമരുന്ന് തീർന്നിട്ടില്ലെന്ന് ആരാധകരെ ബോധ്യപ്പെടുത്തിയാണ് ആദ്യമത്സരം റോണോ പൂർത്തിയാക്കിയിട്ടുള്ളത്. ആ കാലുകളാണ് പറങ്കിപ്പടയുടെ മുന്നോട്ടുള്ള ധൈര്യമായി മാറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here