ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റും: കോൺഗ്രസ് പ്രകടനപത്രിക

0
67

അഹമ്മദാബാദ്∙ ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്റെ പേര് സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയം എന്നാക്കി മാറ്റുമെന്ന് വാഗ്ദാനം നല്‍കി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ പ്രകടനപത്രിക ഔദ്യോഗിക രേഖയാക്കി മാറ്റുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

ഗുജറാത്തില്‍ രണ്ടു ഘട്ടങ്ങളിലായി ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
ഗുജറാത്തില്‍ പത്ത് ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നു. സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം വനിതാ സംവരണം നടപ്പാക്കും. ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകള്‍, വിധവകള്‍, പ്രായമായ സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രതിമാസം 2000 രൂപ ധനസഹായം നല്‍കും.

സംസ്ഥാനത്താകെ 3000 ഇംഗ്ലിഷ് മീഡിയം സ്‌കൂളുകള്‍ തുറക്കും. ബിരുദാനന്തരബിരുദതലം വരെ സ്ത്രീകള്‍ക്കു സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. 3 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും. 300 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുകയും 500 രൂപയ്ക്ക് ഗ്യാസ് സിലണ്ടറുകള്‍ ലഭ്യമാക്കുകയും ചെയ്യും. തൊഴില്‍രഹിത യുവാക്കള്‍ക്ക് 3000 രൂപ ധനസഹായം നല്‍കുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് നടക്കുന്ന വ്യാപകമായ അഴിമതിയുടെ ഉത്തരവാദിത്തം ബിജെപി സര്‍ക്കാരിനാണെന്ന് അശോക് ഗെലോട്ട് പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കഴിഞ്ഞ 27 വര്‍ഷത്തെ അഴിമതികള്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗെലോട്ട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here