സവര്‍ക്കര്‍ റാലിക്കിടെ ജയ് ശ്രീറാം മുഴക്കി മുസ്‌ലിം യുവാവിന്റെ കാര്‍ അടിച്ചുതകര്‍ത്ത് ബജ്രംഗ്ദള്‍ പ്രവര്‍ത്തകയും സംഘവും; കേസെടുത്ത് പൊലീസ്

0
257

ബെം​ഗളുരു: കർണാടകയിൽ ബജ്രംഗ്ദള്‍ റാലിക്കിടെ ജയ് ശ്രീറാം മുഴക്കി മുസ്‌ലിം യുവാവിന്റെ കാര്‍ അടിച്ചുതകര്‍ത്ത് കൊല്ലപ്പെട്ട നേതാവ് ഹർഷയുടെ സഹോദരിയും സംഘവും. കർണാടകയിലെ ശിവമോ​ഗയിൽ കഴിഞ്ഞദിവസമാണ് ആക്രമണം നടന്നത്. സംഭവത്തിൽ ബജ്രം​ഗ്ദൾ പ്രവർത്തകയും ഹർഷയുടെ സഹോദരിയുമായ അശ്വിനിക്കും മറ്റ് പത്തു പേർക്കുമെതിരെ ശിവമോഗ പൊലീസ് കേസെടുത്തു.

ഈ മാസം 22ന് വൈകീട്ട് 5.15 ഓടെ സവർക്കർ റാലി എന്ന പേരിലായിരുന്നു പരിപാടി. സെയ്ദ് പർവേസ് എന്ന യുവാവിന്റെ ഇന്നോവ കാറാണ് ഇവർ തകർത്തത്. അശ്വിനിയും മറ്റ് പത്ത് പേരും ബൈക്കുകളിലെത്തി “ജയ് ശ്രീറാം” മുഴക്കുകയും സെയ്ദ് പർവേസിന്റെ കാർ അടിച്ചുതകർത്തുകയും ചെയ്തുവെന്ന് എഫ്‌.ഐ.ആറിൽ പറയുന്നു.

ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 416, 143, 147, 427, 149 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. റാലിക്കിടെ പ്രകാശ് എന്ന യുവാവിനേയും ബജ്രം​ഗ്ദൾ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി.

ബൈക്കിലെത്തിയ മൂന്ന് അക്രമികൾ ബർമപ്പ ലെവൽക്രോസ്-2ൽ വച്ച് തന്റെ തലയിൽ കല്ലുകൊണ്ട് ഇടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി 25കാരനായ പ്രകാശിന്റെ മൊഴിയിൽ പറയുന്നു. ഈ സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ആക്രമണങ്ങൾക്കു പിന്നാലെ തിങ്കളാഴ്ച രാത്രി ശിവമോഗയിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ‌ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here