മന്ത്രവാദവും ആഭിചാരവും കേരളത്തിലെ വമ്പന്‍ ബിസിനസ് , ഒരു വര്‍ഷം മറിയുന്നത് 60-70 കോടി

0
238

കേരളത്തില്‍ മന്ത്രവാദവും, ആഭിചാര കര്‍മ്മങ്ങളും കോടികള്‍ മറിയുന്ന ബിസിനസായി മാറിക്കഴിഞ്ഞിരിക്കുന്നു. എല്ലാ മതവിഭാഗങ്ങള്‍ക്കിടയിലും ഇത് പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. ഒരു വര്‍ഷം 60-70 കോടി രൂപയുടെ ബിസിനസാണ് ഈ രംഗത്ത് നടക്കുന്നതെന്ന് ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ തന്നെ വെളിപ്പെടുത്തുന്നു. വശീകരണ ഏലസുമുതല്‍, ശത്രുസംഹാരവും, ബിസിനസ് അഭിവൃദ്ധിയും, വിവാഹമോചനവും പുനര്‍ വിവാഹവും, പരീക്ഷ പാസാകലും, ഭൂമിക്കച്ചവടവും അടക്കം എല്ലാറ്റിനും മന്ത്രവാദികളെയും ആഭിചാരക്രിയകള്‍ ചെയ്യുന്നവരെയും സമീപിക്കുന്ന രീതി കേരളത്തില്‍ വര്‍ധിച്ചുവരുന്നുണ്ട്. ഇവയുമായി ബന്ധപ്പെട്ടു മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന പരസ്യങ്ങളും കോടികളുടേതാണ്. പരസ്യങ്ങള്‍ക്കായി കോടികള്‍ ചിലവഴിക്കാന്‍ കഴിയണമെങ്കില്‍ ഈ മന്ത്രവാദികള്‍ക്കും പൂജാരികള്‍ക്കും ആഭിചാര ക്രിയക്കാര്‍ക്കും ഈ ബിസിനസില്‍ നിന്ന് കിട്ടുന്ന വരുമാനം എത്രയായിരിക്കണമെന്ന് ഊഹിക്കാവുന്നതാണ്.

ഒരു കാലത്ത് കേരളത്തില്‍ നാഗമാണിക്യത്തിന്റെ പേരില്‍ വ്യാപകമായി പണം തട്ടിക്കലും കൊലപാതകങ്ങളും നടന്നിരുന്നു. നാഗമാണിക്യമെന്നത് കേവലം ഒരു ഭാവനാസൃഷ്ടിമാത്രമാണ്. എന്നാല്‍ കോടിക്കണക്കിന് രൂപയാണ് കേരളത്തില്‍ നിന്ന് ഇതിന്റെ പേരില്‍ പലരില്‍ നിന്നും തട്ടിയെടുക്കപ്പെട്ടത്. നിരവധി കൊലപാതകങ്ങളും ഇതിന്റെ പേരില്‍ നടന്നു. ഗൃഹദോഷം, വാസ്തുദോഷം, വിവാഹം, ബിസിനസിലെ ഉയര്‍ച്ച ഇവയിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രവാദ ബിസിനസ് നടക്കുന്നതെന്ന് ഈ രംഗത്തുള്ളയാളുകള്‍ തന്നെ പറയുന്നു.
റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ്ണം, ഫിനാന്‍സിംഗ് എന്നീ ബിസിനസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് കൂടുതലും മന്ത്രവാദികളെയും ആഭിചാരക്രിയ നടത്തുന്നവരെയും തേടിയെത്തുന്നത്. ഗൃഹദോഷം വാസ്തുദോഷം എന്നിവ പരിഹരിക്കാനുള്ള പൂജ ചിലവ് ഒരു ലക്ഷം മുതല്‍ 5 ലക്ഷം വരെയാണ്. ബിസിനസിലെ ഉയര്‍ച്ച, ബിസിനസിലെ ശത്രുദോഷം നേരിടുക എന്നതിന് 25 ലക്ഷം രൂപവരെ ചിലവ് വരുന്ന പൂജകളും മന്ത്രവാദങ്ങളും വരെയുണ്ടെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നര്‍ പറയുന്നു.

കൊച്ചി നഗരത്തിലെ ഒരു പ്രമുഖരായ ചില സ്വര്‍ണ്ണവ്യാപാരികള്‍ വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ ബിസിനസ് അഭിവൃദ്ധിക്കായുള്ള കര്‍മ്മങ്ങള്‍ക്കായി ചിലവഴിക്കുന്നതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പോലും നിരവധി ആളുകള്‍ ഇത്തരം പൂജകള്‍ക്കും മന്ത്രവാദക്രിയകള്‍ക്കും ആഭിചാര കര്‍മ്മങ്ങള്‍ക്കുമായി കേരളത്തില്‍ വന്നു പോകുന്നുണ്ട്. ബോംബെ പോലുള്ളഇടങ്ങളില്‍ നിന്ന് നിരവധി വ്യാപാരികളും ഹവാല ഇടപാടുകാരുമൊക്കെ ഇത്തരം പൂജകള്‍ക്കായി കേരളത്തില്‍ വരാറുണ്ട്. സിനിമാ – വിനോദ വ്യവസായ മേഖലയില്‍ നിന്നുള്ളവരാണ് ഈ രംഗത്തെ മറ്റൊരു ഉപഭോക്താക്കള്‍. കന്നട തമിഴ് തെലുങ്ക് സിനിമകളില്‍ നിന്നുള്ള നിര്‍മാതാക്കള്‍ മധ്യകേരളത്തിലെ ഒരു പ്രമുഖനായ മന്ത്രവാദിയുടെ സ്ഥിരം കസ്റ്റമേര്‍ഴ്‌സാണെന്നത് പരസ്യമായ രഹസ്യമാണ് ഗള്‍ഫില്‍ വരെ പോയി പൂജ എന്ന പേരില്‍ മന്ത്രവാദം നടത്തുന്ന ഈ വ്യക്തിക്ക് കേരളത്തിന് പുറത്ത് ഓഫീസുകള്‍ പോലുമുണ്ട്.

അറബി മാന്ത്രികം, അറബി ജ്യോതിഷം, മന്ത്രിച്ചൂതല്‍, മഷിനോട്ടം തുടങ്ങിയവക്കും വലിയ ഡിമാന്‍ഡാണ് കേരളത്തില്‍.ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടെ മതവിശ്വാസമനുസരിച്ചുള്ള ആഭിചാര ക്രിയകള്‍ ചെയ്ത് കൊടുക്കുന്ന നിരവധി മന്ത്രവാദികള്‍ കേരളത്തിലുണ്ട്. എല്ലാ മാധ്യമങ്ങളിലും ഇവരുടെ നിരവധിയായ പരസ്യങ്ങളാണ് വരുന്നത്. പലയിടത്തും ദിവസങ്ങള്‍ക്ക് മുന്നേ ബുക്ക് ചെയ്താലേ ഇത്തരം മന്ത്രവാദികളെ കാണാന്‍ പോലും കിട്ടു. പത്താം ക്‌ളാസ് – മെഡിക്കല്‍- എന്‍ട്രസ് പരീക്ഷകള്‍ നടക്കുന്ന വേളയില്‍ എല്ലാ മത വിഭാഗങ്ങളിലും പെട്ട മന്ത്രവാദികള്‍ക്ക് വലിയ തിരക്കാണ്. ബിസിനസ് വളര്‍ച്ചയും വാസ്തുദോഷവും കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ കച്ചവടം നടക്കുന്ന മേഖലയാണ് വിദ്യഭ്യാസ ഉന്നതിക്കായി നടക്കുന്ന പൂജകളും മന്ത്രവാദങ്ങളും.

കേരളത്തിലെ സിദ്ധന്‍മാരുടെയും മതമേധാവികളുടെയും ആള്‍ദൈവങ്ങളുടെയും കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടും ഇത്തരം കാര്യങ്ങള്‍ അരങ്ങേറുന്നുണ്ട്. അന്ധ വിശ്വാസ നിര്‍മ്മാര്‍ജ്ജന നിയമം കേരളത്തില്‍ കൊണ്ടുവരാത്തത് തന്നെ ഇത്തരം സിദ്ധന്‍മാരെയും ആള്‍ ദൈവങ്ങളെയും മതമേധാവികളെയും രാഷ്ട്രീയക്കാര്‍ക്ക് ഭയമുള്ളതുകൊണ്ടാണെന്ന ആരോപണവും ശക്തമായി ഉയര്‍ന്നിരുന്നു. ഇലന്തൂരിലെ നരബലിയുടെ വാര്‍ത്തകള്‍ കേരളത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുന്ന ഈ വേളയിലെങ്കിലും അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന ബില്‍ സര്‍ക്കാര്‍ നിയമമാക്കുമെന്നും അതുവഴി ഇത്തരം ചൂഷണങ്ങള്‍ നിലക്കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here