മത്സരം പൂര്‍ത്തിയാവുമുമ്പ് ഗ്രൗണ്ട് വിട്ട ക്രിസ്റ്റ്യാനോയ്‌ക്കെതിരെ നടപടി; താരത്തെ ടീമില്‍ നിന്ന് പുറത്താക്കി

0
233

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് എതിരായ മത്സരം പൂര്‍ത്തിയാവും മുന്‍പ് കളിക്കളം വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് എതിരെ നടപടിയുമായി യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ്. ശനിയാഴ്ച ചെല്‍സിക്കെതിരായ മത്സരത്തിനുള്ള ടീമില്‍ നിന്ന് റൊണാള്‍ഡോയെ ഒഴിവാക്കി. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക് പോകുന്ന സംഘത്തില്‍ റൊണാള്‍ഡോ ഉണ്ടാവില്ലെന്ന് യുണൈറ്റഡ് ഔദ്യോഗികമായി അറിയിട്ടു. ഇതോടെ റൊണാള്‍ഡോ ജനുവരിയില്‍ യുണൈറ്റഡ് വിടുമെന്ന അഭ്യുഹങ്ങള്‍ ശക്തമായി.

ഇതിനിടെ താരത്തിനെതിരായ വിമര്‍ശനം ശക്തമാവുന്നു. പ്രതിഷേധ സൂചകമായിട്ടാണ് താരം ഗ്രൗണ്ട് വിട്ടത്. മത്സരം ഇഞ്ചുറിടൈമിലൈക്ക് കടന്നിട്ടും കോച്ച് എറിക് ടെന്‍ ഹാഗ് കളിക്കാന്‍ അവസരം നല്‍കാതിരുന്നതോടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടുപോയത്. പ്രീ സീസണ്‍ പരിശീലനത്തില്‍ നിന്നും സന്നാഹമത്സരങ്ങളില്‍ നിന്നും വിട്ടുനിന്നതിനാല്‍ റൊണാള്‍ഡോയെ മിക്ക മത്സരങ്ങളിലും കോച്ച് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താറില്ല.

ഇതുകൊണ്ടുതന്നെ സീസണില്‍ രണ്ടുഗോള്‍ മാത്രമേ റൊണാള്‍ഡോയ്ക്ക് നേടാനായിട്ടുള്ളൂ. ഇതിന്റെ തുടര്‍ച്ചയായാണ് ടോട്ടനത്തിന് എതിരായ മത്സരം പൂര്‍ത്തിയാവും മുന്‍പ് കളിക്കളം വിട്ടത്. സീസണില്‍ രണ്ടാം തവണയാണ് റൊണാള്‍ഡോ ഇങ്ങനെ ഇറങ്ങിപ്പോകുന്നത്. താരത്തിനെതിരെ ഉചിതമായ നടപടിയെടുക്കുമെന്ന് നേരത്തെ ടെന്‍ ഹാഗ് വ്യക്തമാക്കിയിരുന്നു. റൊണാള്‍ഡോയുടെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുണൈറ്റഡിന്റെ മുന്‍താരമായ പീറ്റര്‍ ഷ്‌മൈക്കേല്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതികരിച്ചു.

യുണൈറ്റഡിന്റെ ആരാധകരും റൊണാള്‍ഡോയ്‌ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. റൊണാള്‍ഡോ ഇറങ്ങിയില്ലെങ്കിലും യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിന് ടോട്ടനത്തെ തോല്‍പിച്ചു. നിലവില്‍ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്. 10 മത്സരങ്ങളില്‍ 19 പോയിന്റാണ് യുണൈറ്റഡിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ 27 പോയിന്റുള്ള ആഴ്‌സനലാണ് ഒന്നാമത്.

LEAVE A REPLY

Please enter your comment!
Please enter your name here