ഗുജറാത്തൊരു മാറ്റം ആഗ്രഹിക്കുന്നു; മോദി പ്രസംഗം ആരംഭിച്ചതോടെ സദസ് വിട്ട് ജനം, ആളൊഴിഞ്ഞ കസേരകള്‍; വീഡിയോ

0
316

അഹമ്മദാബാദ്: വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലായിരുന്നു. ഒരു ദിവസം ഏഴ് പരിപാടികളിലാണ് മോദി തന്റെ സ്വന്തം സംസ്ഥാനത്തില്‍ പങ്കെടുത്ത്. കേന്ദ്ര സര്‍ക്കാരിന്റെ ചില പദ്ധതികളുടെ ഉദ്ഘാടന കര്‍മങ്ങളാണ് വെള്ളിയാഴ്ച ആരംഭിച്ചത്. ഗാന്ധി നഗര്‍ – മുംബൈ വന്ദേഭാരത് ട്രെയിനിന്റെ ആദ്യ സര്‍വീസും അഹമ്മദാബാദ് മെട്രോയുടെ ആദ്യ ഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

അതിനിടയില്‍ അഹമ്മദാബാദില്‍ നിന്ന് മോദി പങ്കെടുത്ത പരിപാടിയിലെ ഒരു വീഡിയോയാണ് ഇപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ ആളുകള്‍ വേദിവിട്ടുപോകുന്നതാണ് വീഡിയോയിലുള്ളത്. ഇതേത്തുടര്‍ന്ന് വലിയ രീതിയില്‍ സജ്ജീകരിച്ച വേദിയില്‍ ആളൊഴിഞ്ഞ കസേരകളും കാണാവുന്നതാണ്.

അഹമ്മദാബാദില്‍ മോദിജിയുടെ പ്രസംഗം ആരംഭിച്ചയുടന്‍ ജനങ്ങളെല്ലാം യോഗ സ്ഥലത്ത് നിന്ന് ഇറങ്ങാന്‍ തുടങ്ങി. ഗുജറാത്ത് ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്ന് ഇത് കാണിക്കുന്നു, എന്നാണ് ഈ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവായ നിതിന്‍ അഗര്‍വാള്‍ ട്വീറ്റ് ചെയ്തത്.

അതിനിടെ, ഗുജറാത്തില്‍ ഡിസംബറോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തിരക്കിട്ട ഉദ്ഘാടന പരിപാടികള്‍ നടക്കുന്നതെന്ന വിലയിരുത്തലുകളുണ്ട്. പതിറ്റാണ്ടുകളായി അധികാരത്തില്‍ തുടരുന്ന ഗുജറാത്തില്‍ വിജയം ആവര്‍ത്തിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ബി.ജെ.പി.

അതേസമയം, ഗുജറാത്തില്‍ ആം ആദ്മിയുടെ കടന്നുവരവോടെ പാര്‍ട്ടി സ്വല്‍പ്പം പ്രതിസന്ധിയിലാണ്. സംസ്ഥാനത്ത് ആം ആദ്മിക്ക് സ്വീകാര്യത ലഭിക്കുന്നത് സംബന്ധിച്ച് ബി.ജെ.പി ക്യാമ്പുകളില്‍ ആശങ്കയുണ്ട്.

182 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളായിരുന്നു ബി.ജെ.പിക്ക് ലഭിച്ചത്. കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലേയും ഏറ്റവും കുറഞ്ഞ കണക്കായിരുന്നു ഇത്.

 

LEAVE A REPLY

Please enter your comment!
Please enter your name here