എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ കേസ്; ജാമ്യമില്ലാ വകുപ്പ് ചുമത്തി

0
191

കോവളം: അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, തട്ടിക്കൊണ്ടുപോകൽ, അതിക്രമിച്ചു കടക്കൽ, മർദ്ദിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് കോൺഗ്രസിന്റെ എറണാകുളം ജില്ലയിലെ പ്രമുഖ യുവ നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ നേതാവിനെതിരെ ചുമത്തിയിരിക്കുന്നത്.

കോവളം പൊലീസ് സ്ത്രീയുടെ പരാതിയിൽ മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മൊഴി രേഖപ്പെടുത്തുന്നതിനിടെ പരാതിക്കാരി കുഴഞ്ഞുവീണു. ഇതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനാൽ പൂർണമായി മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും. ക്രൈം ബ്രാഞ്ചാവും എംഎൽഎക്കെതിരെയുള്ള തുടർ നടപടികൾ സ്വീകരിക്കുക.

ഇന്നലെ വഞ്ചിയൂർ കോടതിയിൽ യുവതി നൽകിയ മൊഴിയുടെ പകർപ്പിനായി പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ മൊഴി കൂടി അടിസ്ഥാനമാക്കി എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും.

ഒന്നര വർഷത്തിലറെയായി എൽദോസുമായി സൗഹൃദമുണ്ടെന്നാണ് ഇന്നലെ വഞ്ചിയൂർ കോടതിയിൽ അധ്യാപിക മൊഴി നൽകിയത്. സൗഹൃദം പിന്നെ മറ്റ് ബന്ധത്തിലേക്ക്  മാറി. പല സ്ഥലങ്ങളിൽ തന്നെ കൊണ്ട് പോയി പീഡിപ്പിച്ചു. ഇതിനെല്ലാം തെളിവുണ്ട്. കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിൻറിന് സമീപത്ത്  വെച്ച് തന്നെ ദേഹോപദ്രവം ഏല്പിച്ചുവെന്നും യുവതി ആരോപിക്കുന്നു.

കോവളം പൊലീസിനെതിരെയും യുവതി ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്. പരാതിയിൽ നിന്ന് പിന്മാറാൻ പൊലീസ് ആവശ്യപ്പെട്ടുവെന്നും പരാതി നൽകിയതിന് ശേഷം ഈ മാസം 9 ന്  തിരുവനന്തപുരത്തെ വീട്ടിൽ നിന്നും തന്നെ  എംഎൽഎ  ബലമായി പിടിച്ചിറക്കിയെന്നും അധ്യാപിക കോടതിയിൽ പറഞ്ഞു. എംഎൽഎ തന്നെ കോവളം എസ് എച്ച് ഒക്ക് മുന്നിലെത്തിച്ചു. പരാതി ഒത്തുതീർത്തെന്ന് എംഎൽഎ അറിയിച്ചു. എഴുതി നൽകാൻ എസ് എച്ച് ഒ ആവശ്യപ്പെട്ടുവെന്നും അധ്യാപിക പറയുന്നു.

എസ് എച്ച് ഒയുടെ സാന്നിധ്യത്തിൽ എംഎൽഎ പണത്തിന് വേണ്ട് ബ്ലാക്ക്‌മെയിൽ ചെയ്തുവെന്നും ആരോപണമുണ്ട്. കേസെടുക്കാൻ ബോധപൂർവ്വം വൈകിപ്പിച്ചു. സമ്മർദ്ദം സഹിക്കാനാവാതെയാണ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിലേക്ക് പോയതെന്നാണ് യുവതി പറയുന്നത്.

തങ്ങൾക്കെതിരായ പരാതിക്കാരിയുടെ ആരോപണം കോവളം പൊലീസ് തള്ളുന്നു. യുവതി മൊഴി നൽകാൻ എത്തിയില്ലെന്നാണ് കോവളം പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം 29നാണ് യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി എംൽഎക്കെതിരെ പരാതി നൽകിയത്. അതിൽ ദോഹോപദ്രവും ഏല്പിച്ചു എന്ന് മാത്രമായിരുന്നു പറഞ്ഞത്. കഴിഞ്ഞ ദിവസം നാടകീയമായാണ് ഒരു സുഹൃത്ത് യുവതിയെ കാണാനില്ലെന്ന പരാതി വഞ്ചിയൂർ പൊലീസിന് നൽകിയത്. ഇതിനിടെ യുവതിയെ നെയ്യാറ്റിൻകരയിൽ നിന്നും കോവളം പൊലീസ് കണ്ടെത്തി. കാണാനില്ലെന്ന കേസിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴാണ് പീഡന പരാതി ഉന്നയിച്ചത്. വിശദമായ മൊഴി നൽകാൻ യുവതി കോവളം സ്റ്റേഷനിൽ രാവിലെയെത്തി. മൊഴി എടുക്കുന്നതിനിടെ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here