മൂന്നുവര്‍ഷം കേരളം ചുമത്തിയത് 55 യു.എ.പി.എ കേസുകള്‍

0
158

കോഴിക്കോട്; 2018 മുതല്‍ 2020 വരെ കേരളത്തില്‍ ചുമത്തിയത് 55 യു.എ.പി.എ കേസുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യു.എ.പി.എ കേസുകള്‍ ചുമത്തിയതില്‍ ഒന്നാം സ്ഥാനത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാരാണുള്ളത്. 2018-2020 കാലയളവില്‍ 1,338 യു.എ.പി.എ കേസുകളാണ് യു.പിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 943 കേസുകളില്‍ യു.എ.പി.എ ചുമത്തി മണിപ്പൂര്‍ സര്‍ക്കാര്‍ രണ്ടാം സ്ഥാനത്തുണ്ട്. യു.എ.പി.എ റദ്ദാക്കണമെന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട് എന്നിരിക്കെയാണ് സിപിഎം നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ ഈ കാലയളവില്‍ 55 കേസുകളില്‍ യു.എ.പി.എ ചുമത്തിയത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് പാര്‍ട്ടി നിലപാട് തള്ളിക്കൊണ്ട് യുഎപിഎ വ്യാപകമായി ചുമത്തിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

2018ല്‍ കേരള സര്‍ക്കാര്‍ ആറു കേസുകളില്‍ യു.എ.പി.എ ചുമത്തിയപ്പോള്‍ 2019ല്‍ 25 കേസുകളിലും 2020ല്‍ 24 കേസുകളിലും യു.എ.പി.എ ചുമത്തി. കേരളം കൊവിഡ് മഹാമാരിയെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോളാണ് 50ത്തോളം കേസുകളില്‍ കരിനിയമം ചുമത്തിയത്. എന്നാല്‍ ഈ കാലയളവില്‍ ചുമത്തിയവരാരും ശിക്ഷിക്കപ്പെട്ടിട്ടില്ല. 2019ല്‍ 18 നും 30 നും ഇടയില്‍ പ്രായമുള്ള രണ്ടുപേര്‍ക്കെതിരേയും 2020ല്‍ ഈ പ്രായപരിധിയിലുള്ള മൂന്നൂപേര്‍ക്കെതിരേയും കേരള സര്‍ക്കാര്‍ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. അതേസമയം, കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തിലിരുന്ന 2018 കാലയളവില്‍ യുഎപിഎ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബിജെപി സഖ്യം അധികാരത്തില്‍ വന്നതിനു ശേഷമാണ് കര്‍ണാടകയില്‍ 6 കേസുകളില്‍ യു.എ.പി.എ ചുമത്തിയത്. 2020ല്‍ രണ്ടു പേര്‍ക്കെതിരേയും യു.എ.പി.എ പ്രകാരം കേസെടുത്തു. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിന്റെ കാലത്ത് 415 കേസുകളാണ് എടുത്തത്. അതില്‍ 21 പേര്‍ ശിക്ഷിക്കപ്പെട്ടു.

ഹിമാചല്‍പ്രദേശ്, മിസോറാം, രാജസ്ഥാന്‍, സിക്കിം, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഈ കാലയളവില്‍ യു.എ.പി.എ നിയമപ്രകാരം കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. 2018ല്‍ യു.പി സര്‍ക്കാര്‍ 479 കേസുകളില്‍ യു.എ.പി.എ ചുമത്തി. ചുമത്തിയവരില്‍ 340 പേരും 18നും 30 നും ഇടയില്‍ പ്രായമുള്ളവരാണ്. അതില്‍ 12 പേരാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. 2019ല്‍ 498 കേസില്‍ യു.എ.പി.എ ചുമത്തുകയും 17 പേര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. ചുമത്തിയവരില്‍ 386 പേരും 30 വയസിന് താഴെയുള്ളവരാണ്. 2020ല്‍ 361 പേര്‍ക്കെതിരെ ചുമത്തുകയും 54 പേര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. ചുമത്തിയവരില്‍ 205 പേരും 30 വയസിന് താഴെ പ്രായമുള്ളവരാണ്. 20182020 കാലയളവില്‍ രാജ്യത്താകെ 4,690 കേസുകളിലാണ് യുഎപിഎ ചുമത്തിയിട്ടുള്ളത്. അതില്‍ 149 പേരാണ് ആകെ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്.

ഇടതു സഹയാത്രികര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും മേല്‍ യുഎപിഎ ചുമത്തിയ കേരള സര്‍ക്കാര്‍ നടപടിക്കെതിരെ വലിയ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികളായ അലന്‍താഹ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായെങ്കിലും ആഭ്യന്തര വകുപ്പ് കയ്യാളിയിരുന്ന പിണറായി വിജയന്‍ അതിനെ ന്യായീകരിക്കുകയാണുണ്ടായത്. തുടര്‍ന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെയുള്ള യുഎപിഎ പിന്‍വലിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ യുഎപിഎ പുന:സ്ഥാപിക്കണമെന്ന ഹര്‍ജി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണിപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here