മുസ്‌ലിം ലീഗ് ഇടതുമുന്നണിയിലെത്തും; കുഞ്ഞാലിക്കുട്ടിയെ ഇനി വ്യക്തിപരമായി അറ്റാക്ക് ചെയ്യില്ല-കെ.ടി ജലീൽ

0
240

കോഴിക്കോട്: മുസ്‌ലിം ലീഗ് അധികം വൈകാതെ ഇടതുപക്ഷത്തെത്തുമെന്ന് മുൻ മന്ത്രി കെ.ടി ജലീൽ. ആദ്യം അടവുനയമായും പിന്നീട് രഹസ്യധാരണകളായും സഹകരിച്ച ശേഷമായിരിക്കും പരസ്യസഖ്യമുണ്ടാകുക. രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിയെ അടക്കം വ്യക്തിപരമായി അറ്റാക്ക് ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണെന്നും ജലീൽ വ്യക്തമാക്കി.

ഓൺലൈൻ മാധ്യമമായ ‘യൂ ടോക്കി’ന് നൽകിയ അഭിമുഖത്തിലാണ് കെ.ടി ജലീൽ ഇക്കാര്യം വ്യക്തമാക്കിയത്. ”ഇടതുപക്ഷത്തിന് മുസ്‌ലിം ലീഗ് ഒരു വർഗീയ പാർട്ടിയാണെന്ന അഭിപ്രായമില്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. അങ്ങനെയുണ്ടായിരുന്നെങ്കിൽ 1967ൽ ലീഗുമായി ഒരു രാഷ്ട്രീയ സഖ്യത്തിന് ഇടതുപക്ഷം തയാറാകുമായിരുന്നില്ല. ലീഗ് ഒരു സമുദായ പാർട്ടിയാണെന്ന സമീപനം ഇടതുപക്ഷ പാർട്ടികൾക്കുണ്ട്. ആ സമീപനം ഒരളവോളം ശരിയുമാണ്. മുസ്‌ലിം ജനസാമാന്യത്തിന്റെ താൽപര്യങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് ലീഗ് നിലനിൽക്കുന്നത്.”-ജലീൽ ചൂണ്ടിക്കാട്ടി.

സാമുദായിക രാഷ്ട്രീയവും വർഗീയരാഷ്ട്രീയവും രണ്ടാണ്. ന്യായമായി തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ താൽപര്യങ്ങളും അവകാശങ്ങളും ഭരണഘടനാനുസൃതമായി പരിരക്ഷിക്കുക എന്നതാണ് ഒരു സാമുദായിക പാർട്ടിയുടെ ഉദ്ദേശ്യവും ലക്ഷ്യവും. ആ നിലയ്ക്കാണ് മുസ്‌ലിം ലീഗ് പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള മുസ്‌ലിം ലീഗിനെ കാലംകൊണ്ടെങ്കിലും ഇടതുപക്ഷത്തിന് സഖ്യത്തിൽ ഉൾപ്പെടുത്തേണ്ടി വന്നാൽ അത്ഭുതപ്പെടേണ്ടതില്ല. ഭാവിയിൽ അതു സംഭവിച്ചുകൂടായ്കയില്ല. പെട്ടെന്ന് അതു നടന്നുകൊള്ളണമെന്നില്ല. അതിനു കുറച്ചു സമയമെടുക്കുമെന്നും ജലീൽ പറഞ്ഞു.

ഇരുചേരികളും ലീഗ് ഇടതുപക്ഷത്ത് ചേരുന്നത് ആഗ്രഹിക്കാത്ത, അതിനു താൽപര്യമില്ലാത്ത ആളുകളുണ്ട്. അവർക്കുകൂടി ബോധ്യമാകുന്ന ഒരു രാഷ്ട്രീയ ചുറ്റുപാട് അധികം വൈകാതെത്തന്നെ ഇന്ത്യയിൽ രൂപപ്പെട്ടുവരും. അപ്പോൾ ബി.ജെ.പി വിരുദ്ധരായ ആളുകൾക്ക് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിൽ നിൽക്കാൻ കഴിയാത്ത സ്ഥിതിവരും. കേരളത്തിൽ ഇടതുപക്ഷവുമായി മതേതര മനസ്സുള്ളവർക്കു മുഴുവൻ സഹകരിക്കേണ്ടിവരും. മതന്യൂനപക്ഷങ്ങൾക്കും അവരുമായി അവകാശ സംരക്ഷണത്തിനായി നിൽക്കുന്ന സംഘടനകൾക്കും അതിൽനിന്നു മാറിനിൽക്കാനാകില്ല-അദ്ദേഹം ചൂണ്ടിക്കാട്ടി.

1967ലേതുപോലെ, അതിനെക്കാൾ രൂഢമൂലമായി ഒരു ബന്ധം വന്നേക്കാം. മുസ്‌ലിം ലീഗിന് ഇടതുപക്ഷത്തേക്ക് ഭാവിയിൽ വരണമെന്ന് ആഗ്രഹമുണ്ടെങ്കിൽ, ലീഗിനെ ഇടതുപക്ഷത്തേക്ക് ചേർക്കണമെന്ന ആഗ്രഹം ഇവിടെയുണ്ടെങ്കിൽ ഏറ്റവും ചേർന്ന വഴി അടവുനയമാണ്. ഒരു തെരഞ്ഞെടുപ്പിൽ എല്ലാം പരിഹരിച്ച് ഒരു മുന്നണിയിൽ പ്രവർത്തിക്കാമെന്നു കരുതുന്നത് പ്രായോഗികമല്ല. അടവുനയം എടുക്കേണ്ടിവരും. അതുകഴിഞ്ഞ് രഹസ്യമായ ധാരണകളുണ്ടാക്കേണ്ടിവരും. അതുംകഴിഞ്ഞാകും പ്രത്യക്ഷമായ സഖ്യത്തിലേക്ക് പോകാൻ സാധിക്കുകയെന്നും ജലീൽ പറഞ്ഞു.

അതേസമയം, കുഞ്ഞാലിക്കുട്ടിയെ വ്യക്തിപരമായി ആക്രമിക്കുന്നതും അവസാനിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തിൽ ശാശ്വതമായി ശത്രുതമായി മുന്നോട്ടുപോകുന്നതിലെ പ്രയാസം എന്റെ പല അഭ്യുദയകാംക്ഷികളും ചൂണ്ടിക്കാണിച്ചു. കാര്യങ്ങൾ വ്യക്തിപരമാകേണ്ടെന്നും എന്നാൽ, അഴിമതി ചെയ്തവരോട് വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുകയും ചെയ്യാമെന്നായിരുന്നു ഉപദേശം. അങ്ങനെയാണ്, വ്യക്തിപരമായ അറ്റാക്ക് വേണ്ട എന്നു തീരുമാനിച്ചത്. വ്യക്തിപരമായി എന്നെ ആക്രമിച്ചതുകൊണ്ടാണ് വ്യക്തിപരമായി ഞാനും പ്രത്യാക്രമണത്തിന് ഇറങ്ങിയതെന്നും ജലീൽ സൂചിപ്പിച്ചു.

കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ചും ജലീൽ വെളിപ്പെടുത്തി. കെ.ടി ജലീലിനെ വ്യക്തിപരമായി ടാർജറ്റ് ചെയ്തിട്ടില്ലെന്നാണ് കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയിൽ എന്നോട് പറഞ്ഞത്. ഞാൻ പക്ഷെ വ്യക്തിപരമായി തന്നെയായിരുന്നു നേരിട്ടത്. എന്നാൽ, വ്യക്തിപരമായ വൈരം നിലനിർത്തേണ്ടെന്ന ഉപദേശം സ്വീകരിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യം വ്യക്തിപരമായ ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ അവസാനിപ്പിച്ച് ഒരു പൊതുരാഷ്ട്രീയത്തിനു വേണ്ടി നിൽക്കേണ്ട ഘട്ടമാണെന്ന് എനിക്കും തോന്നി. അതുകൊണ്ടാണ് ആരുമായും ഇത്തരത്തിലുള്ള കാര്യങ്ങൾ വേണ്ടെന്ന് തീരുമാനിച്ചതെന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here