മുസ്ലിം ലീഗിന് സംസ്ഥാന സെക്രട്ടേറിയറ്റ് വരുന്നു; ഉന്നതാധികാരസമിതി ഇല്ലാതാകും

0
178

മലപ്പുറം: സംസ്ഥാന മുസ്ലിംലീഗിന് 21 അംഗ സെക്രട്ടേറിയറ്റ് രൂപവത്കരിക്കാന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. അധ്യക്ഷനായ ഭരണഘടനാ ഭേദഗതി സമിതി ശുപാര്‍ശ ചെയ്തു. സംസ്ഥാന ലീഗിന്റെ ചരിത്രത്തില്‍ ആദ്യമാണ് ഇങ്ങനെയൊരു സംഘടനാ സംവിധാനം.

സി.പി.എമ്മിന് സംസ്ഥാന സെക്രട്ടറി അടക്കം 16 അംഗ സെക്രട്ടേറിയറ്റുണ്ട്. ഏതാണ്ട് അതിനു സമാനമാണിത്. ലീഗിന് ഇപ്പോള്‍ നൂറംഗങ്ങളുള്ള പ്രവര്‍ത്തകസമിതിയും അഞ്ഞൂറോളം പേരടങ്ങുന്ന സംസ്ഥാന സമിതിയുമാണുള്ളത്. സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഉന്നതാധികാര സമിതിയുമുണ്ടെങ്കിലും അത് പാര്‍ട്ടി ഭരണഘടനയില്‍ ഇല്ലാത്തതാണ്.

ഒക്ടോബര്‍ അഞ്ചിന് കോഴിക്കോട്ട് ചേരുന്ന സംസ്ഥാന സമിതി ഭേദഗതി അംഗീകരിച്ചാല്‍ സെക്രട്ടേറിയറ്റ് നടപ്പില്‍വരുമെന്ന് പ്രവര്‍ത്തക സമിതി തീരുമാനങ്ങള്‍ വിശദീകരിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചു. ഉന്നതാധികാരസമിതി സംസ്ഥാന പ്രസിഡന്റിന് സുപ്രധാന കാര്യങ്ങളില്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്താനുള്ള അനൗപചാരിക വേദിയായിരുന്നു. മാധ്യമങ്ങളാണ് അതിന് ഇത്ര പ്രാധാന്യം നല്‍കിയത്.

പ്രസിഡന്റ് സാദിഖലി തങ്ങളുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ ഭരണഘടനാ ഭേദഗതികള്‍ ചര്‍ച്ച ചെയ്തുവെന്നും ചില അംഗങ്ങള്‍ ഭേദഗതി നിര്‍ദേശിച്ചതായും സലാം വ്യക്തമാക്കി. ചെയര്‍മാനും നാല് അംഗങ്ങളുമടങ്ങുന്ന അച്ചടക്കസമിതി രൂപവത്കരിക്കാനും ബഷീര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ അച്ചടക്കസമിതിയുണ്ടെങ്കിലും പ്രവര്‍ത്തിച്ചിരുന്നില്ല. മുന്‍ എം.എല്‍.എ. കെ.എം. ഷാജി പാര്‍ട്ടിക്കെതിരേ പരസ്യവിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണിത്. അടുത്തിടെ ചെന്നൈയില്‍ ചേര്‍ന്ന ദേശീയ പ്രവര്‍ത്തകസമിതി, സംസ്ഥാനതലത്തില്‍ സംഘടനാതല മാറ്റങ്ങള്‍ ആകാമെന്ന നിര്‍ദേശം അംഗീകരിച്ചിരുന്നു.

നവംബര്‍ ഒന്നുമുതല്‍ 30 വരെ നടക്കുന്ന അംഗത്വ പ്രചാരണത്തിനുശേഷം ശാഖ-പഞ്ചായത്ത്-മണ്ഡലം കമ്മിറ്റികള്‍ നിലവില്‍വരും.

പാര്‍ട്ടിയിലെ മുതിര്‍ന്നവരുമായും മറ്റ് നിയമവിദഗ്ധരുമായും കൂടിയാലോചിച്ചശേഷമാണ് ഭേദഗതി നിര്‍ദേശിച്ചതെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാരിസ് ബീരാന്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ., മുന്‍ എം.എല്‍.എ. അഡ്വ. എം. ഉമ്മര്‍, പി.എ. റഷീദ് എന്നിവരുള്‍പ്പെട്ടതായിരുന്നു സമിതി.

LEAVE A REPLY

Please enter your comment!
Please enter your name here