ഗവർണർക്ക് നേരേയും പാഞ്ഞടുത്ത് തെരുവുനായ; സുരക്ഷാ ഭടന്മാർ നായയെ ഓടിച്ചു

0
382

തിരുവനന്തപുരം: ഗവർണർക്കും തെരുവു നായ ഭീഷണി. എംജി സർവകലാശാല ക്യാമ്പസിൽ ഡിലീറ്റ് ബിരുദധാനം നൽകിയ ശേഷം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് നടക്കുമ്പോഴാണ് ഗവർണർക്ക് മുന്നിലേക്ക് തെരുവുനായ ഓടിവന്നത്. ഗവർണറുടെ സുരക്ഷാ ഭടന്മാർ നായയെ ഓടിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് നേരേയും തെരുവുനായ ഓടിയെത്തിയിരുന്നു. സിപിഎം പൊളിറ്റ് ബ്യൂറോ പിബി യോഗത്തില്‍ പങ്കെടുക്കാനായിഎകെജി ഭവനില്‍ മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിക്ക് അടുത്തേക്ക് എത്തിയ തെരുവ് നായയെ സുരക്ഷാ ഉദ്യോഗസ്ഥർ ആട്ടിയോടിച്ചു.

പത്തനംതിട്ടയിൽ തെരുവ് നായയുടെ ആക്രമണത്തിൽ മജിസ്ട്രറ്റിനും പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റിനാണ് ഇന്നലെ രാത്രി നടക്കാനിറങ്ങിയപ്പോൾ നഗര മധ്യത്തിൽ വെച്ച് കടിയേറ്റത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

പത്തനംതിട്ട ടി.കെ റോഡിലെ ജുവല്ലറി ഷോറുമിലെ സെക്യുരിറ്റി ജീവനക്കാരനെയും നായ കടിച്ചു. ചാലപ്പള്ളി സ്വദേശി പ്രകാശിനെയാണ് തെരുവ് നായ ആക്രമിച്ചത്. റോഡിന് എതിർ വശത്തു നിന്നും ഓടിയെത്തിയ നായ പ്രകാശിനെ കടിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയാണ് പ്രകാശിനെ രക്ഷപ്പെടുത്തിയത്.

കോഴിക്കോടും ഇടുക്കിയിലും തെരുവ് നായയുടെ ആക്രമണമുണ്ടായി. സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് 497 ഉം മൃഗസംരക്ഷണ വകുപ്പ് 170 ഉം ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ സ്വീകരിച്ച നടപടികൾ ഹൈക്കോടതിയെ അറിയിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

കോഴിക്കോട് മാവൂരിലും, ബാലുശ്ശേരിയിലുമാണ് യുവാക്കൾക്ക് തെരുവ് നായയുടെ കടിയേറ്റത്. ഇടുക്കി ഉപ്പുതുറയിൽ പശുവിനെയും, മുയലിനെയും നായ ആക്രമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here