ഹിജാബ് നിരോധിക്കുന്നത് ഇസ്‌ലാമിലോ വിശ്വാസത്തിലോ മാറ്റം വരുത്തുന്നതിന് തുല്യമല്ല; കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

0
66

ന്യൂദല്‍ഹി: ശിരോവസ്ത്രം ധരിക്കുന്നത് മതപരമായ ആചാരമല്ലാത്തതിനാല്‍ ഹിജാബ് നിരോധിക്കുന്നത് ഇസ്‌ലാമിലോ വിശ്വാസത്തിലോ മാറ്റം വരുത്തുന്നതിന് തുല്യമല്ലെന്ന വാദവുമായി കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.

ഹിജാബ് ധരിക്കാതിരിക്കുന്നത് മതത്തെ മാറ്റുന്നില്ല എന്നതാണ് വസ്തുത. ഹിജാബ് ഇല്ലെങ്കില്‍ ഇസ്‌ലാമിക വിശ്വാസം മാറുമെന്ന് പറയാനാവില്ല. ഹിജാബ് നിര്‍ബന്ധിത നടപടിയല്ല, കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ പി. നവദ്ഗി സുപ്രീം കോടതിയില്‍ വാദിച്ചു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം നീക്കാന്‍ വിസമ്മതിച്ച കര്‍ണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ലഭിച്ച ഹരജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

2022 ഫെബ്രുവരിയിലെ വിദ്യാഭ്യാസ നിയമമോ സര്‍ക്കാര്‍ ഉത്തരവോ സംസ്ഥാനത്ത് ഹിജാബ് നിരോധിക്കുന്നില്ല. യൂണിഫോം നിര്‍ബന്ധമാക്കുകയും മറ്റി വിദ്യാഭ്യാസപരമായ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ ഭരണകൂടം അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോഴെല്ലാം മൗലികാവകാശങ്ങളുടെ ചില ഭാഗങ്ങളെങ്കിലും ബാധിക്കപ്പെട്ടേക്കാം. ബാധിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരെങ്കിലും തല മറയ്ക്കുകയാണെങ്കില്‍, അവര്‍ എങ്ങനെയാണ് ഐക്യം ലംഘിക്കുന്നത്, ബെഞ്ച് ചോദിച്ചു.

അതേസമയം യൂണിഫോം അനിവാര്യമാണ്. ഇത് പൗരനും സംസ്ഥാനവും തമ്മിലുള്ള കാര്യമല്ല. മറിച്ച് സ്‌കൂള്‍ അഡ്മിനിസ്ട്രേഷനും വിദ്യാര്‍ത്ഥികളും തമ്മിലുള്ള കാര്യമാണ്. അത്യാവശ്യമായ മതപരമായ ആചാരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള ഏതെങ്കിലും അവകാശവും ഉള്‍പ്പെട്ടിട്ടില്ല,’ നദ്ഗവി പറഞ്ഞു.

അതേസമയം ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതി നേരത്തെ കര്‍ണാടക സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള വിവിധ ഹരജികള്‍ കര്‍ണാടക ഹൈക്കോടതി മാര്‍ച്ചില്‍ തള്ളിയിരുന്നു.

ഇസ്‌ലാമില്‍ ഹിജാബ് അനിവാര്യമായ ഒരു ആചാരമല്ലെന്നും യൂണിഫോം നിര്‍ദേശിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്നുമായിരുന്നു ഹൈക്കോടതി വിധിച്ചത്.

ഹിജാബ് നിരോധനം കര്‍ണാടകയില്‍ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ഹിജാബ് ധരിച്ച് എത്തിയ ആറ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ- യൂണിവേഴ്സിറ്റി മാനേജ്മെന്റ് നടപടി എടുത്തിരുന്നു.

ഹിജാബ് ധരിക്കാന്‍ അനുവാദമില്ലാത്തതിന്റെ പേരില്‍ നിരവധി വിദ്യാര്‍ത്ഥിനികള്‍ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ടി.സി വാങ്ങിയതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here