വിവാഹത്തിന്റെ ക്രെഡിറ്റ് ബെംഗളുരുവിലെ ഗതാഗതക്കുരുക്കിന്, നന്ദിയുണ്ടെന്ന് യുവാവ്

0
79

ബെംഗളുരു : ഒരേസമയം തിരക്കേറിയ റോഡുകൾക്കും ഐടി വ്യവസായത്തിനും പേരുകേട്ടതാണ് ബെംഗളൂരു. നഗരത്തിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ വാഹനമോടിക്കാൻ ആളുകൾ ബുദ്ധിമുട്ടുന്നത് മുൻപും നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബെംഗളുരുവിലെ  ഗതാഗതക്കുരുക്കിനും നല്ല ഫലം ഉണ്ടാക്കാൻ കഴിയുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ട്രാഫിക്കിൽ കുടുങ്ങിയതിന്റെ ഫലമായാണ് തനിക്ക് തന്റെ പ്രണയിനിയെ ലഭിച്ചതെന്ന് റെഡ്ഡിറ്റിലൂടെ ഒരു ഉപയോക്താവ് മനസ്സ് തുറന്നു. ഇത് ട്വിറ്ററിൽ പങ്കുവെച്ചതോടെ ഈ പ്രണയകഥ വൈറലായിരിക്കുകയാണ്.

റെഡ്ഡിറ്റ് ഉപയോക്താവ് പറയുന്നതനുസരിച്ച്, സോണി വേൾഡ് സിഗ്നലിനോട് ചേർന്ന് അദ്ദേഹം ഭാര്യയെ കണ്ടുമുട്ടി. അവിടെ അവർ പിന്നീട് സുഹൃത്തുക്കളായി. ഒരുമിച്ചുള്ള യാത്രക്കിടെ ഈജിപുര മേൽപ്പാലത്തിന്റെ നിർമ്മാണം കാരണം അവർ ഗതാഗതക്കുരുക്കിൽ പെട്ടു. അവർ മറ്റൊരു വഴി തിരഞ്ഞെടുത്തു. അവർ ഒരുമിച്ച് അത്താഴം കഴിച്ചു, ആ നിമിഷം മുതൽ അവരുടെ പ്രണയം ആരംഭിക്കുകയായിരുന്നു. തന്റെ റൊമാന്റിക് പ്രണയകഥയ്ക്ക് കാരണം ബെംഗളുരുവിലെ ട്രാഫിക് ബ്ലോക്കാണെന്ന് അയാൾ കുറിച്ചു.

അഞ്ച് വർഷത്തിന് മുമ്പാണ് സംഭവം നടന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. തുടർന്നുള്ള വർഷങ്ങളിൽ ദമ്പതികൾ ഡേറ്റ് ചെയ്തു, പിന്നീട് വിവാഹിതരായി. എന്നാൽ മേൽപ്പാലം ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും ബെംഗളൂരുവിൽ നിന്നുള്ള റെഡ്ഡിറ്റ് ഉപയോക്താവ് എഴുതി. “ഞാൻ എന്റെ ഭാര്യയെ സോണി വേൾഡ് സിഗ്നലിന് സമീപം കണ്ടുമുട്ടി. ഒരു ദിവസം ഞാൻ അവളുടെ വീട്ടിലേക്ക് പോകുകയായിരുന്നു. അന്ന് അവളെ ഒരു സുഹൃത്തായി മാത്രമേ അറിയാമായിരുന്നുള്ളു. ഈജിപുര ഫ്‌ളൈ ഓവർ പണി കാരണം ഞങ്ങൾ അവിടെ കുടുങ്ങി. നിരാശയും വിശപ്പും കാരണം വഴിതിരിച്ചുവിട്ട് ഞങ്ങൾ അടുത്തുള്ള റെസ്റ്റോറന്റിൽ കയറി അത്താഴം കഴിച്ചു. എന്തായാലും അതിനുശേഷം മൂന്ന് വർഷം ഞാൻ അവളുമായി ഡേറ്റിംഗ് നടത്തി. വിവാഹം കഴിഞ്ഞ് 2 വർഷമായി. പക്ഷേ 2.5 കിലോമീറ്റർ മേൽപ്പാലം ഇപ്പോഴും നിർമ്മാണത്തിലാണ്” – പോസ്റ്റിൽ പറയുന്നു.

ട്വിറ്ററിൽ, അദ്ദേഹത്തിന്റെ റെഡ്ഡിറ്റ് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചത് നിരവധി പേരാണ് ഏറ്റെടുത്തത്. നാലായിരത്തിലധികം പേർ ട്വിറ്ററിൽ പോസ്റ്റ് ലൈക്ക് ചെയ്യുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രണയ കഥയെ സ്വീകരിക്കുകയും ബെംഗളൂരുവിലെ തിരക്കേറിയ ട്രാഫിക്കിലെ മോശം അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. ഒരു ഉപയോക്താവ് എഴുതി, “ഞാൻ ബെംഗളൂരുവിൽ ഉണ്ടായിരുന്ന കാലമത്രയും ആ മേൽപ്പാലം നിർമ്മാണത്തിലാണ്.”

നഗരത്തിലെ ഗതാഗതക്കുരുക്ക് ഗുരുതരമായ പ്രശ്‌നമാണെങ്കിലും ആളുകൾ അതിനോട് പൊരുത്തപ്പെട്ടു എന്ന് തോന്നുന്നു. ബംഗളൂരുവിലെ ട്രാഫിക്കിനെക്കുറിച്ച് നിരവധി ഓൺലൈൻ മീമുകൾ പുറത്തിറങ്ങി. “സിൽക്ക് ബോർഡ്, എ ട്രാഫിക് ലവ് സ്റ്റോറി” എന്ന റൊമാന്റിക് ഹ്രസ്വചിത്രം ബെംഗളൂരുവിലെ തിരക്കേറിയ സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here