ഐസിസി മുന്‍ എലൈറ്റ് അംപയര്‍ ആസാദ് റൗഫ് അന്തരിച്ചു

0
90

ലാഹോര്‍: പാകിസ്ഥാനില്‍ നിന്നുള്ള ഐസിസി എലൈറ്റ് അംപയറായിരുന്ന ആസാദ് റൗഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറിലായിരുന്നു 66 വയസുകാരനായ റൗഫിന്‍റെ അന്ത്യം. 13 വര്‍ഷം നീണ്ട കരിയറില്‍ 231 മത്സരങ്ങള്‍ നിയന്ത്രിച്ച് പരിചയമുള്ളയാളാണ് ആസാദ് റൗഫ്. 2000ത്തില്‍ അംപയറിംഗ് തുടങ്ങിയ ആസാദ് റൗഫ് 2006ലാണ് ഐസിസി എലൈറ്റ് പാനലിലെത്തിയത്. പിന്നീടുള്ള 9 വര്‍ഷങ്ങളില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഏറ്റവും മികച്ച അപംയര്‍മാരില്‍ ഒരാളായി പേരെടുത്തു.

ഓണ്‍-ഫീല്‍ഡ് അംപയറായി 49 ഉം ടെലിവിഷന്‍ അംപയറായി 15 ഉം അടക്കം 49 ടെസ്റ്റ് മത്സരങ്ങള്‍ നിയന്ത്രിച്ചു. 139 ഏകദിനങ്ങളും 28 രാജ്യാന്തര ടി20കളും ആസാദ് റൗഫിന്‍റെ അംപയറിംഗ് കരിയറിലുണ്ട്. 2000ല്‍ ആദ്യ ഏകദിനവും 2005ല്‍ ആദ്യ ടെസ്റ്റും നിയന്ത്രിച്ചു. 40 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 26 ലിസ്റ്റ് എ മത്സരങ്ങളും ഐപിഎല്ലില്‍ അടക്കം 89 ടി20കളും നിയന്ത്രിച്ചിട്ടുണ്ട്. അലീം ദറിനൊപ്പം പാകിസ്ഥാന്‍ അംപയറിംഗിന്‍റെ ഖ്യാതി ഉയര്‍ത്തിയ ആളായാണ് ആസാദ് റൗഫ് അറിയപ്പെടുന്നത്.

എന്നാല്‍ റൗഫ് മത്സരം നിയന്ത്രിക്കുമ്പോള്‍ 2013ല്‍ ഐപിഎല്‍ വാതുവയ്പ് അരങ്ങേറിയതോടെ വിവാദത്തിലായി. പിന്നാലെ ഐപിഎല്‍ പൂര്‍ത്തിയാക്കാതെ ഇന്ത്യ വിട്ട റൗഫ് തൊട്ടടുത്ത വര്‍ഷം ഐസിസി എലൈറ്റ് പാനലില്‍ നിന്ന് പുറത്തായി. എന്നാല്‍ വാതുവയ്പ് അന്വേഷണത്തിന്‍റെ ഭാഗമായല്ല റൗഫിനെ പുറത്താക്കിയത് എന്ന് ഐസിസി വ്യക്തമാക്കിയിരുന്നു. എങ്കിലും അഴിമതി കുറ്റം ചുമത്തി ബിസിസിഐ 2016ല്‍ റൗഫിനെ അഞ്ച് വര്‍ഷത്തേക്ക് വിലക്കി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മധ്യനിര ബാറ്ററായിരുന്നു ആസാദ് റൗഫ്. നേഷണല്‍ ബാങ്കിനും റെയില്‍വേസിനായും കളിച്ചു. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 28.76 ആണ് ശരാശരി. 71 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 3423 റണ്‍സും 40 ലിസ്റ്റ് എ കളികളില്‍ 611 റണ്‍സും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here