‘എന്തിന് ജയ് ഷായ്ക്ക് ഇളവ്’ ?; സുപ്രീംകോടതി ഉത്തരവിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

0
276

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) ഭരണഘടന ഭേദഗതി അംഗീകരിച്ചുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. തുടർച്ചയായ രണ്ട് ടേമുകളിൽ ബി.സി.സി.ഐയിൽ ഭാരവാഹിത്വം വഹിക്കാൻ അംഗങ്ങളെ അനുവദിക്കുന്ന തരത്തിലുള്ള ഭേദഗതിക്കാണ് സുപ്രീംകോടതി അംഗീകാരം നൽകിയത്. ഇത് നിലവിൽ ബി.സി.സി.ഐ സെക്രട്ടറിയായ ജയ് ഷാക്ക് വീണ്ടുമൊരു​ തവണ കൂടി സുപ്രധാന ഭാരവാഹിത്വത്തിലിരിക്കാൻ അനുവാദം നൽകുന്നതിനായാണെന്ന് ക്രിക്കറ്റ് പ്രേമികൾ ആരോപിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനാണ് ജയ് ഷാ.

 

ബി.സി.സി.ഐ പ്രസിഡന്റായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്കും ജയ് ഷാക്കും ഇതോടെ മൂന്ന് വർഷം കൂടി പദവിയിൽ തുടരാൻ സാധിക്കും. മുമ്പുണ്ടായിരുന്ന നിബന്ധന പ്രകാരം സംസ്ഥാന ക്രിക്കറ്റ് ​അസോസിയേഷൻ ഭാരവാഹിയായിരുന്നയാൾ ബി.സി.സി.ഐയിൽ ഭാരവാഹിയായി മൂന്ന് വർഷം പൂർത്തിയാക്കിയാൽ പിന്നീട് മൂന്ന് വർഷം മറ്റ് ഭാരവാഹിത്വമൊന്നും വഹിക്കാനാവില്ല. ഈ നിബന്ധനയിലാണ് സുപ്രീംകോടതി ഇളവ് അനുവദിച്ചത്.

ഇളവിനെതിരെ വലിയ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ക്രിക്കറ്റ് രംഗത്ത് കഴിവു തെളിയിച്ച ഗാംഗുലിക്ക് ഇളവ് അനുവദിച്ചാൽ അത് മനസിലാക്കാം. ക്രിക്കറ്റുമായി ഒരു ബന്ധവുമില്ലാത്ത, സംഘാടനത്തിൽ ഇനിയും പ്രാപ്തി തെളിയിച്ചിട്ടില്ലാത്ത ജയ് ഷാക്ക് ഇളവെന്തിനാണെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. അമിത് ഷായുടെ മകൻ ജയ് ഷാ എന്ന പദവി ഉള്ളതിനാലാണ് സുപ്രീംകോടതി പോലും 2019ലെ ബി.സി.സി.ഐ ഭരണഘടന ഭേദഗതി അംഗീകരിച്ചതെന്നായിരുന്നു ട്വീറ്റുകളിലൊന്ന്. ജയ് ഷാ അടുത്ത ബി.സി.സി.ഐ പ്രസിഡന്റാകുമെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here