യുപിയിൽ തിരം​ഗ യാത്രക്കിടെ സംഘർഷം, കല്ലേറ്; നിരവധിപേർക്ക് പരിക്ക്‌

0
223

ലഖ്‌നൗ: ഉത്തർപ്രദേശിലെ ആഷിയാനയിൽ തിരം​ഗ യാത്രക്കിടെ ഇരുവിഭാ​ഗങ്ങൾ ഏറ്റുമുട്ടി. തിരക്കേറിയ ബംഗ്ലാ ബസാർ മാർക്കറ്റ് പ്ര​ദേശത്താണ് സംഭവം. സംഘർഷത്തിലും കല്ലേറിലും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹനങ്ങൾക്കെതിരെയും ആക്രമണമുണ്ടായി. അക്രമികൾ പരസ്പരം കല്ലെറിഞ്ഞു. നാല് ഇരുചക്ര വാഹനങ്ങൾക്കും രണ്ട് ഫോർ വീലർ വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. ഒരു ജ്വല്ലറിക്കും കേടുപാടുകൾ സംഭവിച്ചു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. പരിക്കേറ്റ ആറ് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചതായി പോലീസ് അറിയിച്ചു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും അക്രമികളെ കണ്ടെത്തുന്നതിനിടയിൽ കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും  സംഭവസ്ഥലത്തെത്തിയ ജോയിന്റ് കമ്മീഷണർ പിയൂഷ് മോർദിയ പറഞ്ഞു. പ്രതികൾ ചെറുപ്പക്കാരാണെന്നും മുഹമ്മദ് ഫൈസാൻ, ആയുഷ് യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.  

കർണാടകയിലെ ശിവമോഗയിലും സ്വാതന്ത്ര്യദിനത്തിൽ സംഘർഷമുണ്ടായി.  വിനായക് ദാമോദർ സവർക്കറുടെ ഫോട്ടോ പതിച്ച ബാനർ ഉയർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഇരുവിഭാ​ഗങ്ങളും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. രണ്ട് ഗ്രൂപ്പുകൾ ഏറ്റുമുട്ടിയതിനെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. ഒരു വിഭാ​ഗം പോസ്റ്റർ പതിക്കുകയും മറ്റൊരു വിഭാ​ഗം പോസ്റ്റർ നീക്കം ചെയ്ത് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ പോസ്റ്റർ സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷമൊഴിവാക്കാനായി നിരോധനാജ്ഞ ഏർപ്പെടുത്തി. സംഘർഷത്തിൽ കുത്തേറ്റയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.  ഇപ്പോൾ പ്രശ്നങ്ങളില്ലെന്നും സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു. സംഘർഷമൊഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here