ബിജെപിയോട് ടാറ്റ പറയുമോ നിതീഷ്?; നിര്‍ണായക യോഗം അല്‍പസമയത്തിനകം, എംഎല്‍എമാര്‍ക്ക് ഫോണ്‍ വിലക്ക്

0
173

പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുമോ, തുടരുമോ എന്നത് ഇന്നറിയാം. നിതീഷ് വിളിച്ചുചേര്‍ത്ത പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും നിര്‍ണായക യോഗം രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കും. അതേസമയത്തുതന്നെ റാബ്‌റി ദേവിയുടെ വസതിയില്‍ ആര്‍ജെഡി എംഎല്‍എമാരുടേയും യോഗം ചേരും. ഇരുപാര്‍ട്ടി യോഗങ്ങളിലും എംഎല്‍എമാര്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ നേതൃത്വം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടത് , കോണ്‍ഗ്രസ് നേതാക്കളും റാബ്‌റി ദേവിയുടെ വീട്ടിലെ യോഗത്തില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉച്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.

ജെ.ഡി.യു.വും ബി.ജെ.പി.യും തമ്മിലുള്ള ചേരിപ്പോരുകളും അഭ്യൂഹങ്ങള്‍ക്കുമിടെ കഴിഞ്ഞ ദിവസമാണ് എം.പി.മാരോടും എം.എല്‍.എ.മാരോടും ഉടന്‍ തലസ്ഥാനമായ പട്നയിലെത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത്.

പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായും നിതീഷ് കുമാര്‍ ഫോണില്‍ സംസാരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബി.ജെ.പി. ബന്ധമുപേക്ഷിച്ചാല്‍ ജെ.ഡി.യു.വുമായി സഹകരിക്കാമെന്ന് മുഖ്യ പ്രതിപക്ഷമായ ആര്‍.ജെ.ഡി. നേതൃത്വം ഇതിനോടകം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സഖ്യം വിട്ടുവന്നാല്‍ ജെ.ഡി.യു.വിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും പറഞ്ഞു.

243 അംഗ ബിഹാര്‍നിയമസഭയില്‍ 80 സീറ്റുമായി ആര്‍.ജെ.ഡി.യാണ് വലിയ ഒറ്റക്കക്ഷി. ബി.ജെ.പി.ക്ക് 77 സീറ്റും ജെ.ഡി.യു.വിന് 55 സീറ്റുമാണുള്ളത്. ആര്‍.ജെ.ഡി.യുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസിന് 19 സീറ്റുണ്ട്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.

എന്‍.ഡി.എ. സഖ്യത്തിലാണെങ്കിലും കുറച്ചുകാലമായി ബി.ജെ.പി.യും ജെ.ഡി.യു.വും സ്വരച്ചേര്‍ച്ചയിലല്ല. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ബി.ജെ.പി. അണിയറയില്‍ പടയൊരുക്കം നടത്തുന്നുണ്ടെന്നാണ് ജെ.ഡി.യു.വിന്റെ ആക്ഷേപം. മഹാരാഷ്ട്ര മോഡലില്‍ ശിവസേനയെ പിളര്‍ത്തി ഭരണം നേടിയതുപോലെ പാര്‍ട്ടിക്കുള്ളില്‍ വിമതരെ സൃഷ്ടിക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നുവെന്നാണ് ജെ.ഡി.യു. നേതൃത്വത്തിന്റെ സംശയം. രണ്ടാം മോദിസര്‍ക്കാരില്‍ ജെ.ഡി.യു.വിന്റെ മന്ത്രിയായിരുന്ന ആര്‍.സി.പി. സിങ്ങിനെ കരുവാക്കി ബി.ജെ.പി. വിമതനീക്കത്തിന് ശ്രമം നടത്തിയെന്ന് ആരോപണമുണ്ട്. ഇതിന്റെ പേരിലാണ് മന്ത്രിയായിരുന്നിട്ടും സിങ്ങിനു വീണ്ടും രാജ്യസഭാ സീറ്റ് നല്‍കാതിരുന്നത്. കഴിഞ്ഞദിവസം സ്വത്തുവിവരങ്ങള്‍ ചോദിച്ച് പാര്‍ട്ടി സിങ്ങിന് നോട്ടീസും നല്‍കി. തൊട്ടുപിന്നാലെ സിങ് രാജിവെച്ചു.

രാഷ്ട്രീയവഴിക്ക് ഇത്തരം നീക്കങ്ങള്‍ നടക്കുമ്പോള്‍ മറുവഴിക്ക് കേന്ദ്രവുമായി സര്‍ക്കാര്‍ തലത്തിലും ജെ.ഡി.യു. നിസ്സഹകരണത്തിലായിരുന്നു. ഏറ്റവുമൊടുവില്‍ നിതി ആയോഗ് യോഗത്തിനുള്‍പ്പടെ ഒരുമാസത്തിനിടെ കേന്ദ്രസര്‍ക്കാര്‍ വിളിച്ച നാലുപരിപാടികളില്‍ നിതീഷ് കുമാര്‍ പങ്കെടുത്തില്ല. ഇതില്‍ രണ്ടെണ്ണം പ്രധാനമന്ത്രി പങ്കെടുത്തവയാണ്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യാത്രയയപ്പില്‍നിന്നും പുതിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍നിന്നും നിതീഷ് വിട്ടുനിന്നതും വാര്‍ത്തയായി.

പല കാരണങ്ങളാല്‍ മാസങ്ങളായി ബിഹാറിലെ എന്‍.ഡി.എ. സഖ്യത്തില്‍ കല്ലുകടിയുണ്ട്. കഴിഞ്ഞമാസം അവസാനം പട്നയില്‍ നടന്ന ബി.ജെ.പി.യുടെ ദേശീയ സമ്മേളനത്തില്‍ ദേശീയതയടക്കം പല വിഷയങ്ങളുമുയര്‍ത്തിയത് നിതീഷിനെ ചൊടിപ്പിച്ചിരുന്നു. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ചില ബി.ജെ.പി. നേതാക്കളുടെ പ്രസ്താവനകളെ ദേശീയ നേതൃത്വം വിലക്കിയില്ല. ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ജാതി സെന്‍സസ്, അഗ്‌നിപഥ് തുടങ്ങിയ വിഷയങ്ങളിലും നിതീഷ് ബി.ജെ.പി.യുമായി അഭിപ്രായവ്യത്യാസത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here