ബാങ്കു വിളി മറ്റു മത വിശ്വാസങ്ങളെ ഹനിക്കുന്നില്ല; ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനെതിരായ ഹരജികള്‍ തള്ളി കര്‍ണാടക ഹൈക്കോടതി

0
226

ബംഗളൂരു: മുസ്‌ലിം പള്ളികളില്‍ ഉച്ചഭാഷിണിയില്‍ ബാങ്കു വിളിക്കുന്നതിനെതിരെ നല്‍കിയ ഹരജി തള്ളി കര്‍ണാടക ഹൈക്കോടതി. ബാങ്കുവിളി മറ്റുള്ളവരുടെ മതവിശ്വാസത്തെയോ അവകാശത്തെയോ ഹനിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 മതപരമായ സഹിഷ്ണുത അടങ്ങിയതാണെന്ന് കോടതി നിരീക്ഷിച്ചു.

ബാങ്കുവിളിക്കെതിരെ ആര്‍. ചന്ദ്രശേഖര്‍ എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് കോടതി തിങ്കളാഴ്ച തീര്‍പ്പാക്കിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് അലോക് ആരാധ്യ, ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടി എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തീര്‍പ്പാക്കിയത്.

പരാതിക്കാരന് വേണ്ടി അഡ്വ. മജ്ഞുനാഥ് ആണ് ഹാജരായത്. ബാങ്കുവിളി മുസ്‌ലിംകളുടെ അവിഭാജ്യ മതകാര്യം ആണെങ്കിലും ഇതിലെ ‘അല്ലാഹു അക്ബര്‍’ (അല്ലാഹു വലിയവനാണ്) എന്നത് മറ്റുള്ളവരുടെ മതവിശ്വാസങ്ങളെ ബാധിക്കുമെന്നായിരുന്നു ഹരജിക്കാരന്റെ പ്രധാന വാദം. ഇതിനാല്‍ പള്ളികളില്‍ നിന്ന് ലൗഡ്‌സ്പ്പീക്കറിലൂടെ ബാങ്കുവിളിക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

നിസ്സംശയം പരാതിക്കാരനും രാജ്യത്തെ മറ്റു വിശ്വാസികള്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ പുലര്‍ത്താനുള്ള അവകാശമുണ്ട്. മാത്രമല്ല ബാങ്കുവിളി മുസ്‌ലിങ്ങളെ പ്രാര്‍ത്ഥനക്കായി ക്ഷണിക്കാനുള്ളതാണ്. ഇസ്‌ലാമിലെ അവിഭാജ്യമായ ഘടകമാണ് ബാങ്കുവിളിയെന്ന് പരാതിക്കാരന്‍ തന്നെ പറയുന്നുമുണ്ട്.
അതുകൊണ്ടു തന്നെ അതിലെ ഉള്ളടക്കം ഹരജിക്കാരനും മറ്റ് മതവിശ്വാസികള്‍ക്കും ഉറപ്പുനല്‍കിയിരിക്കുന്ന മൗലികാവകാശത്തെ ലംഘിക്കുന്നു എന്ന വാദം അംഗീകരിക്കാനാവില്ല’ കോടതി ചൂണ്ടിക്കാട്ടി.

ഹരജിയില്‍ ബാങ്കുവിളിയിലെ മറ്റ് വാചകങ്ങളും ഉണ്ടായിരുന്നുവെങ്കിലും താങ്കളുടെ അവകാശങ്ങളെ ഹനിക്കുന്നത് എന്ന് താങ്കള്‍ തന്നെ പറയുന്ന ബാങ്കിലെ വാക്യങ്ങള്‍ എന്തിനാണ് വായിക്കുന്നതെന്നും കോടതി ഹരജിക്കാരനോട് ചോദിച്ചു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25(1) എല്ലാവര്‍ക്കും അവരവരുടെ മതവിശ്വാസങ്ങള്‍ സ്വതന്ത്ര്യമായി പാലിക്കാനും പ്രചരിപ്പിക്കാനും അവകാശം നല്‍കുന്നുണ്ട് കോടതി ചൂണ്ടിക്കാട്ടി.

ലൗഡ്‌സ്പീക്കറുകളടക്കമുള്ള ശബ്ദസാമഗ്രികള്‍ രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധി പാലിക്കുന്നുണ്ടോ എന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here