നൂപുർ ശർമക്ക് പിന്നാലെ എംഎൽഎ രാജാ സിങ്ങും; പ്രവാചകനിന്ദാ വിവാ​ദത്തിൽ കലങ്ങിമറിഞ്ഞ് ഹൈദരാബാ​ദും

0
208

ഹൈദരാബാദ്: പ്രവാചക നിന്ദാ വിഷയത്തിൽ ബിജെപി വക്താവായിരുന്ന നൂപുർ ശർമക്ക് പിന്നാലെ വിവാദത്തിലായി മറ്റൊരു ബിജെപി എംഎൽഎ രാജാ സിങ്. പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നാണ് എംഎൽഎക്കെതിരെ ഹൈദരാബാദിൽ വ്യാപകമായ പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് ഇന്ന് രാവിലെ എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തു. യുട്യൂബിൽ ഷെയർ ചെയ്ത വീഡിയോയിൽ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശമുണ്ടെന്നും ബിജെപി എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രി ഹൈദരാബാദിലെ ഓൾഡ് സിറ്റിയിലെ പൊലീസ് സ്റ്റേഷനുകൾക്ക് പുറത്ത് നിരവധി ആളുകൾ തടിച്ചുകൂടി പ്രതിഷേധിച്ചു. ബഷീർബാഗിലെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് പുറത്ത് റോഡും പ്രതിഷേധക്കാർ ഉപരോധിച്ചു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി. സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിക്കെതിരെയുള്ള വീഡിയോയിലാണ് എംഎൽഎ പ്രവാചക നിന്ദ നടത്തിയതെന്നാണ് ആരോപണം.

തിങ്കളാഴ്ച തെലങ്കാന ശ്രീറാം ചാനൽ വഴി പുറത്തുവിട്ട ‘ഫാറൂഖി കേ ആക കാ ഇതിഹാസ് സുനിയേ’ എന്ന തലക്കെട്ടിൽ 10.27 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് വിവാദ പരാമർശം. മുൻ ബിജെപി വക്താവ് നൂപുർ ശർമ്മ നടത്തിയ പരാമർശം പേരുകൾ പറയാതെ രാജാ സിങ്ങും ആവർത്തിച്ചു. വീഡിയോ പുറത്തുവന്നതോടെ അർദ്ധരാത്രി മുതൽ പ്രതിഷേധം ആളിക്കത്തി. ന​ഗരത്തിലുടനീളം നൂറുകണക്കിനാളുകൾ തടിച്ചുകൂടി. ബിജെപി എം‌എൽ‌എക്കെതിരെ  പ്രതിഷേധം തുടരുന്നതിനിടെ ചൊവ്വാഴ്ച ദബീർപുര പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

തിങ്കളാഴ്ച രാത്രി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീന്റെ മലക്‌പേട്ട് എംഎൽഎ അഹമ്മദ് ബലാല അനുയായികൾക്കൊപ്പം ദബീർപുര പൊലീസ് സ്റ്റേഷനിലെത്തി സിംഗിനെതിരെ കർശന നടപടി ആവശ്യപ്പെട്ടു. രാജാ സിംഗിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചാർമിനാർ, ഭവാനി നഗർ, മിർ ചൗക്ക്, റെയിൻ ബസാർ എന്നീ പൊലീസ് സ്റ്റേഷനുകൾക്ക് പുറത്തും പ്രതിഷേധം നടന്നു. പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും നിയമം കൈയിലെടുക്കരുതെന്നും ഡിസിപി (സൗത്ത്) പി സായ് ചൈതന്യ പ്രതിഷേധക്കാരോട് പറഞ്ഞു.

സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിയുടെ പരിപാടിയുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. ഷോ തടയുമെന്ന് രാജാ സിങ് ഭീഷണി മുഴക്കിയതോടെ അദ്ദേഹത്തെ കരുതൽ തടങ്കലിലെടുത്തു. ചില സംഘടനകളുടെ എതിർപ്പും പ്രതിഷേധങ്ങളും അവഗണിച്ച് പൊലീസ് സുരക്ഷയ്‌ക്കിടയിലാണ് ഫാറൂഖിയുടെ ഷോ നടന്നത്. നൂപുർ ശർമ വിവാദത്തിന്റെ അലയൊലികൾ അടങ്ങും മുമ്പാണ് എംഎൽഎയുടെയും വിവാദമുണ്ടായതെന്ന് ബിജെപിക്ക് തലവേദനയാണ്. നൂപുർ ശർമയുട പരാമർശത്തെ തുടർന്ന് രാജ്യവ്യാപകമായി പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. നൂപുർ ശർമയെ തള്ളി ബിജെപിയും കേന്ദ്ര സർക്കാറും രം​ഗത്തെത്തിയെങ്കിലും ​ഗൾഫ് രാജ്യങ്ങൾ പരാമർശത്തിൽ വിയോജിപ്പ് അറിയിച്ച് രം​ഗത്തെത്തി. നൂപുർ ശർമയെ പിന്തുണച്ച കനയ്യ ലാൽ എന്ന തയ്യൽക്കാരനെയും മഹാരാഷ്ട്രയിൽ കെമിസ്റ്റിനെയും കൊലപ്പെടുത്തിയിരുന്നു. വിവാദത്തെ തുടർന്ന് നൂപുർ ശർമയെ ബിജെപി സസ്പെൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here