നൂപുര്‍ ശര്‍മ്മയെ അനൂകൂലിച്ച് പോസ്റ്റിട്ടു, യുവാവ് നേരിടേണ്ടി വന്നത് ക്രൂരപീഡ‍നം; എട്ട് പേര്‍ അറസ്റ്റില്‍

0
220

മുംബൈ: പ്രവാചകൻ മുഹമ്മദിനെതിരെയുള്ള പരാമർശത്തിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ചതിന് യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഘടിച്ചെത്തിയവര്‍ ചേര്‍ന്ന് യുവാവിനെ ആക്രമിച്ചത്. ഇക്കഴി‌ഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്രതീക് പവാർ എന്നയാളെയാണ് അഹമ്മദ് നഗറിലെ കർജത്തിൽ വച്ച് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രതീക് ചികിത്സയിൽ തുടരുകയാണ്.

നൂപൂർ ശർ‍മ്മയെ അനുകൂലിച്ച് ഫോട്ടോ ഇട്ടതാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ പ്രതീകിന് ക്രിമിനൽ പശ്ചാത്തലമുണ്ട്. പ്രതികളുമായി നേരത്തെയും പലവട്ടം ഏറ്റമുട്ടിയിട്ടുണ്ടെന്നുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. അഹമ്മദ്‌നഗർ ജില്ലാ ആസ്ഥാനത്ത് നിന്ന് 222 കിലോമീറ്റർ അകലെ കർജത്ത് പട്ടണത്തിലെ അക്കാബായ് ചൗക്കിലാണ് ആക്രമണം നടന്നത്. സംഘടിച്ചെത്തിയവര്‍ വാൾ, വടി, ഹോക്കി സ്റ്റിക്കുകൾ എന്നിവ ഉപയോഗിച്ച് പ്രതീകിനെ ആക്രമിക്കുകയായിരുന്നു.

കേസിലെ പരാതിക്കാരനായ പ്രതീക് പവാറും സുഹൃത്തും മെഡിക്കൽ ഷോപ്പിന് സമീപം സുഹൃത്തിനെ കാത്തുനിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്.  യുവാവ് നൂപൂർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് എഴുതിയെന്നും ഇൻസ്റ്റാഗ്രാമിൽ സ്റ്റാറ്റസ് ഇട്ടെന്നും പറഞ്ഞ് അക്രമികൾ ആക്രോശിക്കുകയും ആക്രമിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. ഉമേഷ് കോൽഹെയ്ക്ക് സംഭവിച്ച അതേഗതി തനിക്കും നേരിടേണ്ടി വരുമെന്ന് അക്രമികൾ പവാറിനെ ഭീഷണിപ്പെടുത്തിയെന്നും അക്രമികളിലൊരാൾ പവാറിന്റെ കണ്ണിൽ ഇടിച്ചതായും എഫ്‌ഐആറില്‍ പറയുന്നു.

അതേസമയം, നൂപുർ ശർമ്മയുടെ വീഡിയോ കണ്ടതിന് യുവാവിനെ ഒരു സംഘം ആളുകൾ കുത്തിപ്പരിക്കേൽപ്പിച്ചതായി കഴിഞ്ഞ മാസം പരാതി വന്നിരുന്നു. ബിഹാറിലെ ബഹേറ ഗ്രാമത്തിലെ അങ്കിത് ഝാ എന്നയാൾക്കാണ് കുത്തേറ്റത്. എന്നാൽ സംഭവത്തിൽ കേസെടുത്ത പൊലീസ് നൂപുർ ശർമ്മയുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇരയ്ക്കും പ്രതികൾക്കുമിടയിലെ വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറഞ്ഞത്.

നേരത്തെ,  മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റ് ഷെയർ ചെയ്തു എന്നാരോപിച്ച് ജൂണിൽ ഉദയ്പൂരിൽ കനയ്യ ലാല്‍ എന്നയാളെ കൊലപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ ഇതേകാരണത്താൽ രസതന്ത്രജ്ഞനായ കോൽഹെയും കൊല്ലപ്പെട്ടു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആണ് കേസ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here