ഡ്രൈവിങ് ലൈസൻസ് എടുക്കാന്‍ മുന്നിൽ വനിതകൾ; 5 വര്‍ഷത്തിനിടെ ലൈസന്‍സെടുത്തത് 32 ലക്ഷത്തോളം പേര്‍

0
163

ഒറ്റപ്പാലം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിൽ പുരുഷൻമാരേക്കാൾ മുന്നിൽ സ്ത്രീകൾ. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കനുസരിച്ച് ഓരോവർഷവും പുരുഷൻമാരേക്കാൾ ശരാശരി രണ്ടുലക്ഷത്തിലധികം വനിതകളാണ് പുതുതായി ലൈസൻസെടുക്കുന്നത്. വിവരാവകാശ നിയമപ്രകാരം മോട്ടോർവാഹനവകുപ്പ് നൽകുന്നതാണ് കണക്ക്. അഞ്ചുവർഷത്തിനിടെ 31.91 ലക്ഷം വനിതകൾ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് എടുത്തു. ഇതേ കാലയളവിൽ 21.90 ലക്ഷം പുരുഷൻമാരാണ് ലൈസൻസെടുത്തത്.

2017-2018 മുതൽ ഓരോവർഷവും ഒമ്പതുലക്ഷത്തിലധികം വനിതകൾ പുതുതായി ലൈസൻസെടുത്തു. അതേസമയം, ശരാശരി ആറുലക്ഷം പുരുഷൻമാർ മാത്രമാണ് ഓരോ വർഷവും പുതിയ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നത്. കോവിഡ് കാലത്ത് മാത്രമാണ് സ്ത്രീകളുടെ എണ്ണം 4.51 ലക്ഷമായി കുറഞ്ഞത്. എന്നാൽ, അക്കാലത്തും പുരുഷൻമാരേക്കാൾ മുന്നിൽ സ്ത്രീകളായിരുന്നു.

3.31 ലക്ഷം പുരുഷൻമാരാണ് കോവിഡ് കാലത്ത് ലൈസൻസെടുത്തത്. മോട്ടോർവാഹനവകുപ്പിന്റെ അഡ്മിനിസ്‌ട്രേറ്റീവ് റിപ്പോർട്ട് പ്രകാരമുള്ള കണക്കാണിത്. അഞ്ചുവർഷത്തിനിടെ 225 ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്നവരും ലൈസൻസെടുത്തു.

അഞ്ചുവർഷത്തിനിടെ വൈദ്യുത സ്‌കൂട്ടറുകൾ നിരത്തിലിറങ്ങിയതോടെയാണ് സ്ത്രീകൾ വാഹനമോടിക്കുന്നതു കൂടിയത്. കാറുൾപ്പെടെയുള്ള വാഹനങ്ങളോടിക്കുന്ന സ്ത്രീകളും ഇക്കാലയളവിൽ കൂടിയെന്ന്‌ മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here