ഒരു മുസ്ലീം കുടുംബം പോലുമില്ലാതെ മുഹറം ആഘോഷമാക്കുന്ന കർണാടകയിലെ ​ഗ്രാമം

0
283

കഴിഞ്ഞ 5 ദിവസമായി കർണാടകയിലെ ഹിരേബിദാനൂരിലുള്ള തെരുവുകളിൽ വർണ്ണാഭമായ ഘോഷയാത്രകൾ നടക്കുകയാണ്. ‌ഹിന്ദു-മുസ്‌ലിം ഭിന്നതയും കലഹങ്ങളും ധാരാളം സംഭവിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അതിനൊരപവാദമാണ് ഇവിടം. ഹിന്ദുക്കൾ ഏറെ സന്തോഷത്തോടെ മുഹറം ആഘോഷിക്കുന്ന സ്ഥലമാണിത്. ബെലഗാവി ജില്ലയിലെ സൗദത്തി താലൂക്കിലാണ് ഹിരേബിദാനൂർ ഗ്രാമം. ഇവിടെ ഒരു മുസ്ലീം കുടുംബം പോലുമില്ല. എന്നാൽ ഇത് ഇവിടുത്തെ ഭൂരിപക്ഷം വരുന്ന ഹൈന്ദവരെ സംബന്ധിച്ചിടത്തോളം മുഹറം ആഘോഷിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതിന് ഒരു കാരണമല്ല. വലിയ ആഘോഷങ്ങളാണ് മുഹറത്തോടനുബന്ധിച്ച് ഇവിടെ സംഘടിപ്പിക്കപ്പെടാറുള്ളത്.

ജില്ലാ ആസ്ഥാനമായ ബെലഗാവിയിൽ നിന്ന് 51 കിലോമീറ്റർ അകലെയാണ് ഹിരേബിദാനൂർ. വെറും 3000 ജനസംഖ്യ മാത്രമുള്ള ഒരു ചെറിയ ഗ്രാമം ആണിത്. ഇവിടുത്തെ ഭൂരിഭാഗം ആളുകളും വാൽമീകി, കുറുബ സമുദായത്തിൽപ്പെട്ടവരാണ്. വളരെക്കാലം മുൻപ് രണ്ട് മുസ്ലീം സഹോദരന്മാർ നിർമ്മിച്ചതായി പറയപ്പെടുന്ന ഒരു ആരാധനാലയമായ ഫക്കീരേശ്വര സ്വാമിയുടെ പള്ളി ഇവിടെയുണ്ട്. ഈ സഹോദരങ്ങളുടെ മരണശേഷം, അവരുടെ ആചാരങ്ങൾ പിന്തുടരാൻ ഗ്രാമവാസികൾ തീരുമാനിച്ചു.

മുഹറം സമയത്ത്, ഹിന്ദു പുരോഹിതനായ യല്ലപ്പ നായകർ എല്ലാ ദിവസവും ശ്രീകോവിലിൽ പോയി ഹിന്ദു ആചാരപ്രകാരം പ്രാർത്ഥന നടത്തും. ഗ്രാമവാസികൾ തങ്ങളുടെ നേർച്ചകൾ നിറവേറ്റുന്നതിനായും പ്രാർത്ഥിക്കുന്നു. അയൽ ഗ്രാമത്തിൽ നിന്നുള്ള മൗലവി ഒരാഴ്ചയോളം പള്ളിക്കുള്ളിൽ താമസിച്ച് ഇസ്ലാമിക പാരമ്പര്യമനുസരിച്ച് പ്രാർത്ഥനകൾ അർപ്പിക്കുന്നു.

”ഞങ്ങളുടെ ഗ്രാമത്തിന്റെ ഉത്സവമാണ് മുഹറം. ഈ അഞ്ച് ദിവസങ്ങളിൽ നിരവധി കലാരൂപങ്ങളും അവതരിപ്പിക്കും. ​ഗ്രാമത്തിലെ കലാകാരൻമാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും നൽകുന്നു. ഒരു നൂറ്റാണ്ടിലേറെയായി ഗ്രാമം മുഴുവൻ സന്തോഷത്തോടെ ഈ ഉത്സവം ആഘോഷിക്കുകയാണ്”, ഹിരേബിദാനൂർ നിവാസിയായ പ്രകാശ് കുമാർ പറഞ്ഞു.

ഇസ്ലാമിൽ സുന്നി വിഭാഗത്തിനും ഷിയാ വിഭാഗത്തിനും ഒരേ പോലെ പ്രധാനപ്പെട്ട മാസമാണ് മുഹറം. ഇസ്ലാമിക കലണ്ടർ പ്രകാരം ആദ്യത്തെ മാസമാണിത്. ഇസ്ലാം മതവിശ്വാസികളുടെ പുതുവത്സരമായ മുഹറം ദിനത്തിൽ മുഹമ്മദ് നബിയുടെ പൗത്രനായ ഹസ്രത് ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തിന്റെ ദുഃഖാചരണം കൂടിയാണ്. അറബിയിൽ പത്താമത്തെ ദിവസം എന്നാണ് ഈ പദത്തിന്റെ അർത്ഥം.

ഇസ്ലാമിക ചരിത്രമനുസരിച്ച് ക്രിസ്തുവർഷം 680 ലെ മുഹറം 10 ന് കർബലയിൽ നടന്ന യുദ്ധത്തിൽ ഒരു കൂട്ടക്കൊല നടക്കുകയും ഇമാം ഹുസൈൻ മരണപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് പിൽക്കാലത്ത് എല്ലാ വർഷവും മുഹറം ദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിംകൾ ദുഃഖാചരണം നടത്തിവരുന്നു. മുഹറം തുടങ്ങുമ്പോൾ തന്നെ വിശ്വാസികൾ ദുഃഖാചരണം തുടങ്ങാറുണ്ട്. ഷിയാ വിഭാഗമാണ് പ്രധാനമായും ഈ ദുഃഖാചരണങ്ങളിൽ പങ്കെടുക്കാറുള്ളത്. ഹസ്റത് ഹുസൈന് പുറമെ 72 പേർ ഈ യുദ്ധത്തിൽ മരണപ്പെട്ടുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. സംഭവത്തെ ഓർമ്മിക്കാൻ ഷിയാക്കൾ ‘തഅ്സിയ’ എന്ന പേരിൽ ദുഃഖാചരണം നടത്താറുണ്ട്. ഹുസൈന്റെ ശവകൂടീരത്തിന് സമാനമായ രൂപങ്ങൾ നിർമ്മിക്കുകയും നഗരങ്ങളിൽ വിലാപ യാത്ര നടത്തുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here