എഎന്‍ ഷംസീർ നടത്തിയ പരാമർശം രേഖയില്‍ നിന്നും നീക്കം ചെയ്യണം; കെ സുരേന്ദ്രന്‍

0
112

പാലക്കാട്: നിയമസഭയിൽ പ്രധാനമന്ത്രിക്കെതിരെ എ എൻ ഷംസീർ എംഎൽഎ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ ഉടൻ തന്നെ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇത് തടയാൻ സ്പീക്കറുടെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായില്ല എന്നത് ഖേദകരമാണ്. മറ്റൊരു നിയമസഭയിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. ഭരണകക്ഷി എംഎൽഎയുടെ ഭാഗത്തുനിന്നും പ്രധാനമന്ത്രിക്കെതിരെ ആക്ഷേപകരമായ ഭാഷയുണ്ടായപ്പോൾ അതിനെതിരെ പ്രതികരിക്കേണ്ട മുഖ്യമന്ത്രി മൗനം പാലിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിന്റെ നിലപാട് സംസ്ഥാനത്തിന്‍റെ ഫെഡറൽ ഘടനയ്ക്ക് വിരുദ്ധമാണ്. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസ്താവനയായിരുന്നു ഷംസീറിന്‍റെ പ്രസ്താവന. വെറും മൂന്ന് എംപിമാരുള്ള ഒരു പാർട്ടി 400ലധികം എംപിമാരുള്ള ഒരു പാർട്ടിയുടെ നേതാവിനെ അവഹേളിക്കുന്നത് തടയാൻ മുഖ്യമന്ത്രി തയ്യാറാവണമായിരുന്നു.
പ്രധാനമന്ത്രിയെ നിയമസഭയിൽ അപമാനിച്ചപ്പോൾ പ്രതികരിക്കാൻ പ്രതിപക്ഷം തയ്യാറാകാത്തത് അവരുടെ പരസ്പര ബന്ധത്തെ സൂചിപ്പിക്കുന്നു.

ഇത്തരം പ്രകോപനപരമായ നിലപാടുകളുമായി സർക്കാർ മുന്നോട്ട് പോയാൽ അതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കും.കേന്ദ്രമന്ത്രിമാരെയും, ദേശീയപാത അതോറിറ്റിയെയും വിമര്‍ശിച്ചുകൊണ്ടുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിന്റെ പരിഹാസ്യം ആ സ്ഥാനത്തിന് യോജിച്ചതല്ല. സുരേന്ദ്രൻ പറഞ്ഞു.