ഇ.പി ജയരാജന് തിരിച്ചടി; വിമാനത്തിലെ അക്രമത്തിൽ പ്രതിചേർക്കാൻ കോടതി

0
196

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ തള്ളിയിട്ട എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് കനത്ത തിരിച്ചടി. സംഭവത്തിൽ കേസെടുക്കാൻ കോടതി നിർദേശം നൽകി. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും കോടതി ഉത്തരവിട്ടു. മനപ്പൂർവ്വമല്ലാത്ത നരഹത്യ, വധശ്രമം, ക്രിമിനൽ ഗൂഡാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ലെനി തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇ.പി ജയരാജൻ, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ അനിൽകുമാർ, വി.എം.സുനീഷ് എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യുക. കണ്ണൂർ സ്വദേശികളായ ഷർസീൻ മജീദ്, ആർ.കെ നവീൻ കുമാർ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വിമാനത്തിൽ പ്രതിഷേധിച്ചവരെ ഇ.പി ജയരാജൻ മർദ്ദിച്ചതായി പരാതിയിൽ പറയുന്നു. പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.