ഇസ്രയേല്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങൾക്കുമായി വ്യോമപാത തുറന്ന് സൗദി അറേബ്യ

0
102

റിയാദ്: ഇസ്രയേൽ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിമാന സർവീസുകൾക്കായി സൗദി അറേബ്യ വ്യോമാതിർത്തി തുറന്നു. നിബന്ധനകൾ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും സൗദി അറേബ്യയുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ കഴിയുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രായേലിൽ നിന്ന് ഇന്ന് സൗദി അറേബ്യയിലെത്തുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം.

സൗദി അറേബ്യയുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വെള്ളിയാഴ്ച രാവിലെയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. തീരുമാനത്തെ ബൈഡൻ സ്വാഗതം ചെയ്യുന്നതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പറഞ്ഞു. “എല്ലാ എയർലൈനുകൾക്കും വ്യോമപാത തുറക്കുന്നത് പാസഞ്ചർ ഫ്ലൈറ്റുകൾക്കിടയിൽ വിവേചനം പാടില്ലെന്ന അന്താരാഷ്ട്ര ചട്ടങ്ങൾക്ക് അനുസൃതമായാണ്. മൂന്ന് ഭൂഖണ്ഡങ്ങളും സംയോജിപ്പിക്കുന്ന ഒരു ആഗോള ഹബ്ബ് എന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം കണക്കിലെടുത്ത് അന്താരാഷ്ട്ര വ്യോമഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്”, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
 

നേരത്തെ, ഇസ്രായേലിൽ നിന്നുള്ള വിമാനങ്ങളും ഇസ്രായേലിലേക്ക് പോകുന്ന വിമാനങ്ങളും സൗദി അറേബ്യയുടെ വ്യോമപാത ഒഴിവാക്കിയിരുന്നു. ഇത് സർവീസുകളുടെ ദൈർഘ്യത്തിലും അധിക ഇന്ധന ചെലവിനും കാരണമായി. മിഡിൽ ഈസ്റ്റിൽ കൂടുതൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനും അമേരിക്കയുടെയും ഇസ്രായേലിന്‍റെയും സുരക്ഷയും ക്ഷേമവും വർദ്ധിപ്പിക്കാനും സൗദി അറേബ്യയുടെ തീരുമാനം സഹായിക്കുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.