അഭിഭാഷകരെ ചോദ്യം ചെയ്യുന്നില്ല; അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

0
16

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിനെതിരെ അതിജീവത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും ശ്രമിച്ച ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ പോലും അന്വേഷണ സംഘം തയ്യാറായില്ല.

അന്വേഷണ സംഘത്തിന്‍റെ ഈ നിലപാടിനെ ചോദ്യം ചെയ്താണ് ഹർജി നൽകിയത്. അഭിഭാഷകർക്കെതിരെ അന്വേഷണം നടത്താൻ കോടതി അനുമതി നൽകിയിട്ടും ഉയർന്ന സമ്മർദ്ദം മൂലമാണ് അന്വേഷണ ഉദ്യോഗസ്ഥർ പിൻവാങ്ങിയതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

കേസിൽ വിശദീകരണം നൽകാൻ സർക്കാർ സമയം തേടിയതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് കേസ് ഇന്നത്തേക്ക് മാറ്റിയത്. അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.