ദേഹമാകെ മീൻചിത്രങ്ങൾ! കൗതുകമായി ഭീമൻ പയന്തി

0
104

കീഴരിയൂർ (കോഴിക്കോട്): ദേഹമാകെ വിവിധ മത്സ്യങ്ങളുടെ ചിത്രങ്ങളുള്ള ഭീമൻ ‘പയന്തി’ മത്സ്യം കൗതുകമാകുന്നു. കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ‘സെന്‍റർ’ ബോട്ടുകാർക്കാണ് നാടിനാകെ കൗതുകമായ പയന്തി മത്സ്യം കിട്ടിയത്. വിവിധ മത്സ്യങ്ങളുടെ ആകൃതികൾ കറുത്ത തൊലിയിൽ വരച്ചതുപോലെയാണ് മത്സ്യത്തിന്റെ രൂപം.

ബോട്ട് ഉടമകളിൽ ഒരാളായ ചെറിയമങ്ങാട് തെക്കേത്തലപ്പറമ്പിൽ കരുണ ഹൗസിൽ അഭിലാഷ് ആണ് മത്സ്യത്തെ വീട്ടിലേക്ക് കൊണ്ടുപോയത്. “കുടുംബവുമൊത്ത് പയന്തി കറിവച്ചു കഴിച്ചു. എല്ലാ മത്സ്യവും തൊലിപ്പുറത്ത് ഉണ്ടായിരുന്നതു കൊണ്ടാകാം.. നല്ല രുചി ആയിരുന്നു,” അഭിലാഷ് പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ കൊയിലാണ്ടി തീരത്ത് നിന്ന് 4 നോട്ടിക്കൽ മൈൽ അകലെ വലയിലാണ് പയന്തി കുടുങ്ങിയത്. ആവോലി മത്സ്യവുമായി സാദൃശ്യമുള്ള മീനിനെ കണ്ടപ്പോൾ ജിജ്ഞാസ അടക്കാനായില്ല. 25 വർഷമായി കടലിൽ പോകുന്നുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനെയൊരു കാഴ്ച. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ മൊബൈലിൽ വിഡിയോ പകർത്തി. കരയ്ക്കെത്തിയപ്പോൾ വീട്ടുകാരെ കൂടി കാണിക്കാൻ തോന്നി. പിന്നെ മത്സ്യം വീട്ടിലേക്കെടുത്തു” അഭിലാഷ് വിവരിച്ചു.