കെ സുരേന്ദ്രനെതിരെ ധനമന്ത്രി രംഗത്ത്

0
17

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും കേന്ദ്രസഹായം കാരണം നിന്നില്ലെന്ന കെ സുരേന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സുരേന്ദ്രന്‍റെ പ്രതികരണം തെറ്റിദ്ധാരണാജനകവും പരിഹാസ്യവുമാണ്. കേരളത്തിന് കടമെടുക്കാനുള്ള പരിധി കുറയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രസഹായം കാരണം കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയിട്ടില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റിന്‍റെ പരാമർശം അങ്ങേയറ്റം തെറ്റിദ്ധാരണാജനകവും പരിഹാസ്യവുമാണ്. കേരളത്തിൽ നിന്ന് പിരിച്ചെടുത്ത നികുതിയുടെ അർഹമായ വിഹിതം പോലും തിരികെ നൽകാതെ കേന്ദ്രം സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പറഞ്ഞാൽ മാത്രം പോരാ. ജി.എസ്.ടി നടപ്പാക്കിയതുമൂലമുള്ള വരുമാനനഷ്ടം നികത്താൻ ഈ വർഷം ജൂണിൽ ജി.എസ്.ടി നഷ്ടപരിഹാരം നിർത്തലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ സംസ്ഥാനത്തിന്‍റെ വരുമാനം പ്രതിവർഷം 12,000 കോടി രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. റവന്യൂ കമ്മി ഗ്രാന്‍റിലെ കുറവ് ഏകദേശം 7,000 കോടി രൂപയാണ്. അതായത് പ്രതിവർഷം 20,000 കോടിയിലധികം രൂപയുടെ നഷ്ടമാണ് കേരളത്തിനു ഉണ്ടാകുന്നത്.