‘ചലച്ചിത്ര അക്കാദമിയിൽ ഏകാധിപത്യം’; മുഖ്യമന്ത്രിക്ക് അക്കാദമി അംഗം കത്തയച്ചു

0
138

വനിതാ ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചലച്ചിത്ര അക്കാദമിക്കെതിരെ എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റും ചലച്ചിത്ര അക്കാദമി അംഗവുമായ എൻ അരുൺ മുഖ്യമന്ത്രിക്ക് കത്തയച്ചു. അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് അരുൺ കത്തിൽ ഉന്നയിച്ചിരിക്കുന്നത്. അക്കാദമി കൂടിയാലോചനകൾ നടത്തുന്നില്ലെന്നും അംഗങ്ങളുടെ അഭിപ്രായങ്ങൾ ചെയർമാൻ കേൾക്കുന്നില്ലെന്നും കത്തിൽ പറയുന്നു. ചലച്ചിത്ര അക്കാദമിയിൽ സമ്പൂർണ സ്വേച്ഛാധിപത്യമാണ് നടക്കുന്നതെന്നും അരുൺ കത്തിൽ പറയുന്നു.

കുഞ്ഞില മാസിലാമണിയുടെ സിനിമയെ വനിതാ ചലച്ചിത്ര മേളയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. സംവിധായിക വിധു വിൻസെന്റ് പ്രതിഷേധാർഹം ‘വയറൽ സെബി’ മേളയിൽ നിന്നും പിൻവലിച്ചു. കുഞ്ഞിലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംവിധായിക ലീന മണിമേഖലയും രംഗത്തെത്തിയിട്ടുണ്ട്. വ്യവസ്ഥാപിത സ്വജനപക്ഷപാതവും പ്രാദേശിക ചലച്ചിത്ര പ്രവർത്തകരോടുള്ള അനാദരവും കാരണം കേരളചലചിത്ര അക്കാദമി (ഐഎഫ്എഫ്കെ, ഐഡിഎസ്എഫ്എഫ്കെ, ഐഡബ്ല്യുഎഫ്കെ) സംഘടിപ്പിക്കുന്ന മേളകളിലൊന്നും തന്‍റെ സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതായി ലീന മണിമേഖല ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി കുഞ്ഞില മാസിലാമണി ചോദിക്കുന്ന ചോദ്യങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളാണെന്നും ഇപ്പോഴും ഇവിടെ നിലനിൽക്കുന്നുണ്ടെന്നും സംവിധായകൻ ജിയോ ബേബി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വനിതാ ചലച്ചിത്ര മേളയിലെ സിനിമകളുടെ സെലക്ഷൻ മാനദണ്ഡം എന്താണ്? ഉത്തരം അറിയേണ്ടത് ജനാധിപത്യ വിശ്വാസികളുടെ അവകാശമാണെന്നും ജിയോ ബേബി തന്‍റെ പോസ്റ്റിൽ ചോദിക്കുന്നു.