നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

0
115

ചെന്നൈ: ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ചെന്നൈയിലെ ഫ്ലാറ്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

1952 ൽ തിരുവനന്തപുരത്ത് ജനിച്ച പ്രതാപ് പോത്തൻ ഊട്ടിയിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദത്തിന് പഠിക്കുമ്പോൾ അഭിനയത്തിൽ താൽപ്പര്യമുണ്ടായിരുന്നു. പിന്നീട് മുംബൈയിലെ ഒരു പരസ്യ ഏജൻസിയിൽ ജോലി ചെയ്തു.

1978 ൽ പുറത്തിറങ്ങിയ ഭരതന്‍റെ ‘ആരവം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച പ്രതാപ് 1980 കളിൽ മലയാള, തമിഴ് സിനിമകളിൽ തരംഗം സൃഷ്ടിച്ചു. ഭരതന്‍റെ ‘തകര’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ച പോത്തൻ ചാമരം, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു. കെ. ബാലചന്ദർ, ബാലു മഹേന്ദ്ര, മഹേന്ദ്രൻ, ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ പ്രതാപ് പോത്തൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയമാണ്.