‘ലോകത്തിന് മുകളില്‍ ഉയരത്തിലങ്ങനെ!’; റെയില്‍ ട്രാക്കിന് മുകളില്‍ ഇന്‍ഡിഗോ വിമാനം, ചിത്രം വൈറല്‍

0
293

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ ഇന്‍ഡിഗോ വിമാനത്തിന്‍റെ വിലക്കിന് പിന്നാലെ കമ്പനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ ബഹിഷ്കരണാഹ്വാനം ഉയര്‍ന്നിരുന്നു. ഇന്‍ഡിഗോ വിമാനത്തിന്‍റെ ഫേസ്ബുക്ക് അക്കൌണ്ടുകളിലടക്കം ഇടതു അനുകൂല പ്രവര്‍ത്തകരുടെ എതിര്‍പ്പിന് പിന്നാലെ ഇ.പി ജയരാജനും ഇന്‍ഡിഗോ കമ്പനിക്കെതിരെ പരസ്യമായി രംഗത്തുവന്നു. ഇതിനുള്ള പരോക്ഷ മറുപടി എന്ന രൂപത്തില്‍ ഇന്‍ഡിഗോ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

റെയില്‍ വേ ട്രാക്കിന് മുകളില്‍ പറക്കുന്ന ഇന്‍ഡിഗോ വിമാനത്തിന്‍റെ ചിത്രമാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ‘ലോകത്തിന് മുകളില്‍ ഉയരത്തിലങ്ങനെ!’ എന്ന അടികുറിപ്പോടു കൂടിയാണ് ചിത്രം പങ്കുവെച്ചത്. ലെറ്റ്‌സ് ഇന്‍ഡിഗോ, ബി അറ്റ് ദി വ്യൂ,ഡ്രീംസ്, ഫ്ലൈ ഇന്‍ഡിഗോ, എയര്‍ ട്രാവല്‍, പ്ലെയ്ന്‍ സ്‌പോട്ടിംഗ് എന്നിങ്ങനെ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പമുണ്ട്.

തനിക്കെതിരായ ഇന്‍ഡിഗോ നടപടി നിയമവിരുദ്ധമാണെന്നും ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയില്ലെന്നും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നുമാണ് ഇ പി ജയരാജൻ പ്രഖ്യാപിച്ചത്. ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ എനിക്കൊന്നും സംഭവിക്കില്ല. മാന്യമായി സര്‍വീസ് നടത്തുന്ന വേറെ കമ്പനികളുണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളുവെന്നും ഇ.പി പറഞ്ഞു. താനാരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. താനും ഭാര്യയും ഒന്നിച്ച് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും ഇപി പറഞ്ഞു. ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here