ചതിച്ച കാമുകനോട് പ്രതികാരം തീർക്കാൻ വീടിന് തീയിട്ടു, പക്ഷേ, വീട് മാറിപ്പോയി

0
157

നോർത്ത് കരോലിനയിൽ നിന്നുള്ള ഒരു സ്ത്രീയ്ക്ക് തന്നെ ചതിച്ച കാമുകനോട് അടങ്ങാത്ത പകയായിരുന്നു. 49 കാരിയായ അവളുടെ പേര് ക്രിസ്റ്റി ലൂയിസ് ജോൺസ്. അയാളെ എങ്ങനെയും കൊല്ലണമെന്ന ചിന്തയായി അവർക്ക്. എങ്ങനെ പ്രതികാരം വീട്ടുമെന്ന് ഓർത്തപ്പോഴാണ് വീടിന് തീയിട്ടാലോ എന്നവൾ ആലോചിച്ചത്. അങ്ങനെ അവൾ നട്ടപ്പാതിരായ്ക്ക് തന്നെ പോയി അയാളുടെ വീടിന് തീയിട്ടു. തീ പടർന്നു. കാര്യങ്ങൾ താൻ പ്രതീക്ഷിച്ച പോലെ നീങ്ങുന്നത് കണ്ട് അവൾ സന്തോഷിച്ചു. എന്നാൽ പിന്നീട് സംഭവിച്ചത് അവൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒന്നായിരുന്നു.

തന്റെ പൂർവ്വ കാമുകൻ ഇപ്പോൾ ജീവനു വേണ്ടി പിടയുകയായിരിക്കും എന്ന് ചിന്തിച്ച അവൾക്ക് തെറ്റി. കാരണം വീടിന് പുറത്തേയ്ക്ക് ഇറങ്ങി വന്നത് മറ്റൊരാളായിരുന്നു. അപ്പോഴാണ് അവൾക്ക് തന്റെ അബദ്ധം മനസിലായത്. കാമുകനോട് പ്രതികാരം തീർക്കാൻ തീയിട്ടത് മറ്റേതോ  വീടിനായിരുന്നു. വീട് മാറി പോയി! കാമുകനെ കരയിപ്പിക്കാൻ ആഗ്രഹിച്ച അവൾ ഇപ്പോൾ ജയിലിനകത്താണ്. അഡ്രസ് മാറി മറ്റൊരു വീടിന് തീയിട്ട അവളെ തീയിടൽ, മാരകമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കൊള്ളയടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇപ്പോൾ  അകത്തിട്ടിരിക്കയാണ്.

നോർത്ത് കരോലിനയിലെ ഗോൾഡ് ഹില്ലിൽ വെള്ളിയാഴ്ചയാണ് സംഭവം. ഒരു സ്ത്രീ വീടിന് തീയിടാൻ ശ്രമിക്കുന്നത് കണ്ട അയൽവാസിയാണ് വീട്ടുടമയെ വിളിച്ച് കാര്യം പറഞ്ഞത്. വീടിന്റെ പൂമുഖത്ത് വിറക് കെട്ടുകൾ അടുക്കി വച്ചിരിക്കയായിരുന്നു. അതിനടുത്തായി തീയും, ഒരു കുപ്പി എണ്ണയും പൊലീസ് കണ്ടെത്തി. വീടിന്റെ മുൻവശം കത്തുന്നത് കണ്ട വീട്ടുടമ തോക്കുമായി വീടിന് പുറത്തിറങ്ങി. പൂന്തോട്ടത്തിലുള്ള ഹോസ് ഉപയോഗിച്ച് തീ അണക്കാൻ അയാൾ ശ്രമിച്ചു. അപ്പോഴാണ് അടുത്ത രസം. ഹോസ് തുറക്കാതിരിക്കാൻ അതും അവൾ സീൽ ചെയ്ത് അടച്ചു വച്ചിരുന്നു. കൂടാതെ, വീട്ടുവളപ്പിലുള്ള ഗ്യാസ് ടാങ്കിന് ചുറ്റും വിറക് കഷ്ണങ്ങൾ ഉപയോഗിച്ച് തീ കത്തിക്കാൻ അവൾ ശ്രമിച്ചതായും വീട്ടുടമ കണ്ടെത്തി.

ഇതൊക്കെ കൂടി കണ്ടപ്പോൾ അയാൾക്ക് കോപം നിയന്ത്രിക്കാനായില്ല. അയാൾ കൈയിലുള്ള തോക്ക് അവൾക്ക് നേരെ നീട്ടി. അവൾ അയാളുടെ പട്ടികളിൽ ഒന്നിനെ പിടിച്ച് നിൽക്കുകയായിരുന്നു. അയാളെ കണ്ടതും അവൾ എന്തൊക്കെയോ പിറുപിറുത്ത് കാറിൽ കയറി ഓടി രക്ഷപ്പെട്ടു. നിയമപാലകരും എമർജൻസി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയപ്പോഴേക്കും അവൾ വണ്ടിയും എടുത്ത് പോയ് കഴിഞ്ഞു.  എന്നാൽ അവളെ കണ്ടത്താൻ പൊലീസിന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല. അവർ അവളെ പിന്തുടർന്ന് അറസ്റ്റ് ചെയ്തു. തീ പിടുത്തത്തിൽ ആളപായമൊന്നും ഉണ്ടായില്ലെങ്കിലും, വീടിന് ഏകദേശം 20,000 ഡോളറിന്റെ നാശനഷ്ടമുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർ കണക്കാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here