ഗള്‍ഫ് കറന്‍സികളുടെ മൂല്യം സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നു; പരമാവധി ഉപയോഗപ്പെടുത്താന്‍ പ്രവാസികളുടെ തിരക്ക്

0
189

ദുബൈ: ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിടുമ്പോള്‍ ഗള്‍ഫ് കറന്‍സികളുടെ മൂല്യവും സര്‍വകാല റെക്കോര്‍ഡിലാണ്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 80 കടന്ന ഇന്ത്യന്‍ രൂപ പിന്നീട് നില അല്‍പം മെച്ചപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച 79.86 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്.

രൂപയുടെ വിലയിടിവ് പരമാവധി ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. വായ്‍പകള്‍ അടച്ചുതീര്‍ക്കാനുള്ളവര്‍ക്കും വിവിധ വായ്‍പകളുടെ ഇ.എം.ഐ അടയ്ക്കാനുള്ളവര്‍ക്കുമൊക്കെയാണ് ഇപ്പോഴത്തെ സാഹചര്യം ഏറ്റവുമധികം ഗുണം ചെയ്യുന്നത്. ഇന്ത്യന്‍ കറന്‍സിക്കൊപ്പം പാകിസ്ഥാന്‍ കറന്‍സിയും വന്‍ ഇടിവ് നേരിടുന്നതിനാല്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്ന പാകിസ്ഥാനികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് പണമിടപാട് സ്ഥാപനങ്ങള്‍ പറയുന്നു.

ഡോളറിന്റെ മൂല്യം ഉയരുന്നതും രാജ്യത്തെ വ്യാപാരക്കമ്മിയുമാണ് രൂപയുടെ മൂല്യത്തെ തളർത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. വിദേശ നിക്ഷേപം വലിയ തോതിൽ പിൻവലിഞ്ഞതും രൂപയെ കുറച്ചുകാലമായി സമ്മർദ്ദത്തിലാക്കുന്നു. ഈ വർഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം ഏഴ് ശതമാനത്തിലധികം ഇടിഞ്ഞു.

യുഎഇ ദിര്‍ഹത്തിന് ഇന്ന് 21.74 എന്ന നിലയിലായിരുന്നു വിനിമയ നിരക്ക്. നേരത്തെ ജനുവരിയില്‍ യുഎഇ ദിര്‍ഹത്തിനെതിരെ  20.10 എന്ന നിലയില്‍ നിന്ന് മേയ് മാസത്തില്‍ 21 ആയി ഉയര്‍ന്നു. സൗദി റിയാലിന് 21.31 രൂപയും ഖത്തര്‍ റിയാലിന് 21.96 രൂപയും കുവൈത്ത് ദിനാറിന് 259.57 രൂപയും ബഹ്റൈന്‍ ദിനാറിന് 212.39 രൂപയും ഒമാനി റിയാലിന് 207.70 രൂപയമായിരുന്നു ഇന്നത്തെ നിരക്ക്. നല്ല വിനിമയ മൂല്യം ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കാനും വിവിധ എക്സ്ചേഞ്ച് സെന്ററുകളില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പൊതുവേ പ്രവാസികളുടെ തിരക്കേറിയിട്ടുണ്ട്.

വ്യക്തികള്‍ അയക്കുന്ന പണത്തില്‍ 11 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് യുഎഇയിലെ ഒരു എക്സ്ചേഞ്ച് സ്ഥാപനം അറിയിച്ചു. കറന്‍സി മൂല്യത്തിലെ ഇടിവ് ഉപയോഗപ്പെടുത്തി ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും പണമയക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവാണിത്. കഴിഞ്ഞ പാദ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിലേക്ക് അയക്കപ്പെടുന്ന പണത്തിന്റെ അളവില്‍ 12.5 ശതമാനം വര്‍ദ്ധനവുണ്ടായെന്നും ഇവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here