ഉദയ്‌പൂർ കൊലപാതകം; രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്കിന് 2611 നമ്പർ ലഭിക്കാനായി പ്രതി 5000 രൂപ ചെലവഴിച്ചെന്ന് പൊലീസ്

0
265

ഉദയ്പൂർ: രാജസ്ഥാനിൽ ബിജെപി മുൻ വക്താവ് നുപൂർ ശർമ്മയെ അനുകൂലിച്ച് സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ച തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി പൊലീസ്. പ്രതികളിലൊരാളായ റിയാസ് അഖ്‌താരി തന്റെ ബൈക്കിന് 2611 എന്ന അക്കങ്ങളുള്ള നമ്പർ പ്ളേറ്റ് സ്വന്തമാക്കുന്നതിനായി അയ്യായിരം രൂപ അധികമായി മുടക്കി എന്നതാണ് പുതിയ വെളിപ്പെടുത്തൽ. പ്രതികൾക്ക് ഭീകര സംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണിത്. 2008ലെ മുംബയ് ഭീകരാക്രമണം നടന്ന തീയതിയാണിത്.

കനയ്യലാൽ എന്ന തയ്യൽക്കാരനെ കൊലപ്പെടുത്തിയതിന് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും ഉദയ്പൂരിൽ നിന്നും 45 കിലോമീറ്റർ അകലെയായി പൊലീസ് പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത വാഹനം നിലവിൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. 2013ലാണ് അഖ്‌താരി ബൈക്ക് വാങ്ങിയത്. വാഹനത്തിന്റെ ഇൻഷുറൻസ് 2014ൽ അവസാനിച്ചിരുന്നു. 2014ൽ റിയാസ് നേപ്പാൾ സന്ദർശിച്ചിരുന്നതായി പാസ്പോർട്ട് വിവരങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ ഇയാൾ പാകിസ്ഥാനിലേയ്ക്ക് ഫോൺവിളിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഉദയ്പൂർ കൊലപാതകത്തെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകാൻ ബൈക്കിന്റെ നമ്പർ പ്ളേറ്റ് സഹായിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

മാർച്ച് 30ന് ജയ്പൂരിൽ സ്ഫോടന പരമ്പര നടത്താനുള്ള ഗൂഢാലോചനയിലും ഇവർ പങ്കെടുത്തിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ദവത്ത്-ഇ-ഇസ്ലാമി വഴി ഐസിസിന്റെ റിമോട്ട് സ്ലീപ്പർ ഓർഗനൈസേഷനായ അൽസുഫയുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. റിയാസ് അക്താരി ഉദയ്പൂരിലെ അൽ-സുഫയുടെ തലവനാണ്. മുമ്പ് ടോങ്കിൽ നിന്ന് അറസ്റ്റിലായ ഐസിസ് ഭീകരൻ മുജീബുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികൾ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണിപ്പോൾ.

 

LEAVE A REPLY

Please enter your comment!
Please enter your name here